മുസ്ലീങ്ങളായ അജ്മല്‍ കസബ്, യാക്കൂബ് മേമന്‍, ഇഷ്റത്ത് ജഹാന്‍  തുടങ്ങിയവരെ പോലുള്ളവരെ രാജ്യത്തിന് വേണ്ട. അജ്മല്‍ കസബിന്‍റെ പാതയില്‍ നടക്കുന്നവരെ രാജ്യദ്രോഹിയായി പരിഗണിക്കും.രാജ്യത്തിനാവശ്യം എപിജെ അബ്ദുള്‍ കലാമിനെപ്പോലെയുള്ള മുസ്ലീമിനെയെന്നും ഇന്ദ്രേഷ് കുമാര്‍

ലഖ്‌നൗ: അഭിനേതാക്കളായ നസറുദ്ദീന്‍ ഷായും ആമീര്‍ ഖാനും രാജ്യദ്രോഹികളെന്ന് ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. ഇരുവരും മികച്ച അഭിനേതാക്കളായിരിക്കാം എന്നാല്‍ രാജ്യദ്രോഹികളായതിനാല്‍ ബഹുമാനം അര്‍ഹിക്കുന്നില്ല. ഉത്തര്‍പ്രദേശിലെ അലിഗറില്‍ നടന്ന ഒരുപൊതുപരിപാടിയിലാണ് നസറുദ്ദീന്‍ ഷായും ആമീര്‍ ഖാനും രാജ്യദ്രോഹികളെന്ന് ഇന്ദ്രേഷ് കുമാര്‍ പറഞ്ഞത്.

ഇതാദ്യമായല്ല സംഘപരിവാറിന്‍റെ രാജ്യദ്രോഹി പരാമര്‍ശത്തിന് നസറുദ്ദീന്‍ ഷാ ഇരയാകുന്നത്. ബുലന്ദ്ഷഹറില്‍ ഇന്‍സ്‍പെക്ടര്‍ സുബോധ് കുമാര്‍ സിംഗ് കൊല്ലപ്പെട്ടതിന് പിന്നാലെ ഒരു പൊലീസ് ഉദ്യോഗസ്ഥനേക്കാളും പ്രാധാന്യം പശുക്കള്‍ക്ക് കൊടുക്കുന്ന രാജ്യമായി ഇന്ത്യമാറിയെന്ന നസറുദ്ദീന്‍ ഷായുടെ പ്രതികരണത്തോട് ബിജെപി ആര്‍എസ്എസ് പ്രതികരണം രാജ്യദ്രോഹിയെന്ന വിളിയെന്നായിരുന്നു.

മുസ്ലീങ്ങളായ അജ്മല്‍ കസബ്, യാക്കൂബ് മേമന്‍, ഇഷ്റത്ത് ജഹാന്‍ തുടങ്ങിയവരെ പോലുള്ളവരെ രാജ്യത്തിന് വേണ്ട. അജ്മല്‍ കസബിന്‍റെ പാതയില്‍ നടക്കുന്നവരെ രാജ്യദ്രോഹിയായി പരിഗണിക്കും.രാജ്യത്തിനാവശ്യം എപിജെ അബ്ദുള്‍ കലാമിനെപ്പോലെയുള്ള മുസ്ലീമിനെയെന്നും പ്രസംഗത്തിനിടെ ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. ഉത്തര്‍പ്രദേശ് ബിജെപി ചീഫ് മഹേന്ദ്രനാഥ് പാണ്ഡേയും നസറുദ്ദീന്‍ ഷായ്ക്കെതിരെ ഈയടുത്ത് പ്രതികരണം നടത്തിയിരുന്നു. നസറുദ്ദീന്‍ ഷാ 1999ല്‍ അഭിനയിച്ച സര്‍ഫാരോഷിലെ പാക്കിസ്ഥാനി ചാരപ്രവര്‍ത്തകനെന്ന കഥാപാത്രമായി വളരുകയാണെന്നായിരുന്നു പാണ്ഡേയുടെ പ്രതികരണം.