ആർഎസ്എസ് പ്രവർത്തകനായ രുദ്രേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ബംഗളുരു സ്വദേശികളായ ഇർഫാൻ പാഷ, വസീം അഹമ്മദ്, മുഹമ്മദ് മഷർ, മുഹമ്മദ് മുജീബുള്ള എന്നിവരെ കഴിഞ്ഞ വ്യാഴാഴ്ച ബംഗളുരു പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് കൊലപാതകത്തിന് മുന്പും ശേഷവും പ്രതികൾ കേരളത്തിലെത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. അറസ്റ്റിലായ ഇർഫാൻ പാഷക്ക് കൊല്ലം കളക്ട്രേറ്റ്, മൈസൂർ കോടതി, ചിറ്റൂർ കോടതി എന്നിവിടങ്ങളിലുണ്ടായ സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച നിരോധിത സംഘടന അൽഉമയുമായി ബന്ധമുള്ളതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികൾ സന്ദർശിച്ച സ്ഥലങ്ങൾ, വ്യക്തികൾ എന്നിവരെ കുറിച്ച് കേരള പൊലീസ് അന്വേഷിക്കുന്നത്. ഇതിനിടെ രുദ്രേഷ് കൊലപാതക കേസിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ബംഗളുരു ജില്ല പ്രസിഡന്റായ അസീം ഷെരീഫ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. അസീമിന്റെ നിർദ്ദേശപ്രകാരമാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതികൾ മൊഴി നൽകിയിരിക്കുന്നത്. അറസ്റ്റിലായവർക്ക് അൽ ഉമയുമായുള്ള ബന്ധത്തെ കുറിച്ചും ചിറ്റൂർ, കൊല്ലം, മൈസൂർ, മലപ്പുറം കോടതികളിൽ നടന്ന സ്ഫോടനവുമായി ബന്ധമുണ്ടോയെന്ന കാര്യവും ബംഗളുരു പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
