കോഴിക്കോട്: സിപിഎമ്മിന് പിന്നാലെ ആര്‍ എസ് എസ്സും ജൈവപച്ചക്കറികൃഷിയിലേക്ക്. ജൈവകൃഷി-ഹരിത രാഷ്ട്രീയആഹ്വാനങ്ങളിലൂടെ സിപിഎം നേട്ടമുണ്ടാക്കിയെന്ന കണക്ക് കൂട്ടലിന്‍റെ അടിസ്ഥാനത്തില്‍ കൂടിയാണ് പുതിയ നീക്കം. കോഴിക്കോട് ചേര്‍ന്ന ആര്‍ എസ് എസ്സിൻറെ പ്രാന്തീയ വാര്‍ഷികബൈഠക്കാണ് ഇത് സംബന്ധിച്ചുള്ള പ്രമേയം പാസ്സാക്കിയത്

കീടനാശിനിമുക്ത കൃഷിഭൂമികളും വിഷരഹിതപച്ചക്കറികളും കേരളത്തില്‍ തിരിച്ചുകൊണ്ടുവരാൻ സിപിഎം നടത്തിയ ശ്രമങ്ങളെ പിൻതുടരുകയാണ് ആര്‍ എസ് എസ്സും. ജൈവകൃഷി, കാവുകളുടെയും കുളങ്ങളുടെയും പരിരക്ഷണം, ഗോ പരിപാലനം തുടങ്ങിയവയുടെ വക്താക്കളായി പ്രവര്‍ത്തകര്‍ മാറണമെന്നാണ് ആര്‍ എസ്സ് എസ് പ്രമേയം..ജലസംരക്ഷണവും നക്ഷത്രവനങ്ങളും നക്ഷത്രവൃക്ഷങ്ങളും പുതുതലമുറയെ പഠിപ്പിക്കണം.

ഇതിനായി പോഷകസംഘടനകളെയുള്‍പ്പെടെ ഉപയോഗിക്കണം, ഇങ്ങനെ പോകുന്നു പ്രമേയത്തിലെ ഉള്ളടക്കം
ഹരിതരാഷ്ട്രീയത്തിന് ആഹ്വാനം ചെയ്യുമ്പോഴും അതിരപ്പിള്ളി പദ്ധതിയെ കുറിച്ചുള്ള ചോദ്യത്തിന് പക്ഷെ വ്യക്തമായ മറുപടിയില്ല

ജൈവകൃഷിയും ഹരിതരാഷ്ട്രീയപ്രഖ്യാപനങ്ങളും സിപിഎമ്മിന് സമീപകാലത്ത് ഏറെ ജനപിന്തുണനേടിക്കൊടുത്തു എന്നാണ് ആര്‍ എസ് എസ്സിൻറെ വിലയിരുത്തല്‍. തദ്ദേശഭരണതെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഇത് ഗുണം ചെയ്യുകയും ചെയ്തു..ഈ സാഹചര്യത്തിലാണ് സ്വച്ഛകേരളം-ഹരിതകേരളം-സുന്ദരകേരളം എന്ന മുദ്രാവാക്യമുയര്‍ത്തി ആര്‍ എസ്സ് എസ്സും ഹരിതരാഷ്ട്രീയത്തില്‍ വിത്തുവിതക്കാനൊരുങ്ങുന്നത്.