നാഗ്പൂർ: 90 വർഷത്തെ പാരമ്പര്യമുള്ള ആര്‍ എസ് എസിന്‍റെ ഗണവേഷം കാക്കി നിക്കർ ചരിത്രമായി. വിജയദശമി ദിനത്തിലാണ് പരമ്പരാഗത യൂനിഫോമായ കാക്കി ട്രൗസര്‍ മാറ്റി തവിട്ട് നിറത്തിലുള്ള പാന്‍റ്സിലേക്ക്​ ആര്‍ എസ് എസ് മാറുന്നത്. വിജയദശമി ദിനത്തില്‍ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത് തവിട്ട് പാന്റ് ധരിച്ച് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തതോടെ കാക്കി ട്രൗസർ ചരിത്രമായി.

നാഗ്പൂരിലെ റെഷിംബാഗ് മൈതാനിയില്‍ നടക്കുന്ന വാര്‍ഷിക പരേഡില്‍ പുതിയ വേഷത്തിലാണ് പ്രവര്‍ത്തകര്‍ പങ്കെടുക്കും. യൂനിഫോമില്‍ മറ്റുമാറ്റങ്ങളില്ല. തവിട്ടുനിറത്തിലുള്ള പാന്‍റ്സിനൊപ്പം വെള്ള ഫുള്‍സ്ലീവ് ഷര്‍ട്ടും കറുത്തതൊപ്പിയും കുറുവടിയുമായിരിക്കും ഇനി ആര്‍.എസ്.എസിന്‍റെ യൂനിഫോം. ഗണവേഷമായി ട്രൗസര്‍ ഉപയോഗിക്കുന്നത് യുവാക്കളെ ആകര്‍ഷിക്കാന്‍ സാധിക്കുന്നില്ലെന്ന നിഗമനത്തിലാണ് പുതിയ പരിഷ്കാരം.

യൂണിഫോം മാറുന്നതിനു മുന്നോടിയായി എട്ടു ലക്ഷം പാന്റുകള്‍ രാജ്യവ്യാപകമായി ഇതിനകം വില്‍പന നടത്തിയെന്ന് സംഘടനാ ഭാരവാഹികള്‍ പറയുന്നു. ഇതില്‍ ആറു ലക്ഷം തയ്പ്പിച്ചതും രണ്ടു ലക്ഷം തുണികളായുമാണ് നല്‍കിയത്.

2009 ൽ യൂനിഫോം മാറ്റുന്നത്​ സംബന്ധിച്ച് ചർച്ചകൾ നടന്നിരുന്നു. എന്നാൽ 2015 ലാണ്​ അന്തിമ തീരുമാനത്തിലെത്തിയത്​. കഴിഞ്ഞ മാര്‍ച്ചില്‍ രാജസ്ഥാനിലെ നാഗൂറില്‍ നടന്ന ആര്‍ എസ് എസ് അഖിലഭാരതീയ പ്രതിനിധി സഭ യോഗത്തിലായിരുന്നു തീരുമാനം. സംഘടനയുടെ വളർച്ചക്ക്​ വേണ്ടിയുള്ള മാറ്റങ്ങളുടെ ഭാഗമായാണ്​ ഗണവേഷവും മാറ്റിയതെന്നും ആര്‍.എസ്.എസ്​ വാർത്താ വിഭാഗം മേധാവി മോഹൻ വൈദ്യ പറഞ്ഞു.