കഴിഞ്ഞ വര്‍ഷം ശ്രീകൃഷ്ണ ജയന്തി ദിനത്തിലെ സാംസ്കാരിക ഘോഷയാത്രയില്‍ ശ്രീനാരായണ ഗുരുവിനെ പ്രമേയമാക്കിയ നിശ്ചല ദൃശ്യത്തിലൂടെ പുലിവാല് പിടിച്ച സി.പി.എം ഇത്തവണ മറുപടി പറഞ്ഞ് കുഴങ്ങുന്നത് ബക്കളത്തെ ഘോഷയാത്രയിലെ തിടമ്പ് നൃത്തത്തിന്റെ പേരിലാണ്. തളിപ്പറമ്പ് തൃച്ചംബരം ക്ഷേത്രത്തിലെ അനുഷ്‌ഠാനമായ തിടമ്പ് നൃത്തം തെരുവിലിറക്കി സി.പി.എം അവഹേളിച്ചുവെന്നാരോപിച്ച് ആര്‍.എസ്.എസ്, ഈ മാസം 30ന് ഹൈന്ദവ സംഘടനാ നേതാക്കളുടെ യോഗം വിളിച്ച് ചേര്‍ത്ത് പ്രക്ഷോഭത്തിനുള്ള തീരുമാനത്തിലാണ്.

അതേസമയം നിശ്ചലദൃശ്യ വിവാദത്തില്‍ കഴിഞ്ഞ തവണ മാപ്പ് പറയേണ്ടി വന്നെങ്കില്‍ ഇത്തവണ സി.പി.എം തിടമ്പ് നൃത്ത വിവാദത്തില്‍ ഉറച്ച നിലപാടിലാണ്. ഇക്കാര്യത്തില്‍ വിമര്‍ശനങ്ങളെ വകവെക്കുന്നില്ലെന്ന പി ജയരാജന്റെ പ്രസ്താവനയെ പിന്തുണക്കുന്നതായിരുന്നു കോടിയേരിയുടെ മറുപടി. ഏതായാലും വര്‍ഗീയ വിരുദ്ധ ക്യാംപയിനെന്ന പേരില്‍ സിപിഎം പരിപാടികള്‍ സെപ്തംബറിലും തുടരുന്ന സാഹചര്യത്തില്‍ പ്രശ്നം സജീവമാക്കി നിര്‍ത്താന്‍ ലക്ഷ്യമിട്ട് തന്നെയാണ് ആര്‍.എസ്.എസ് നീക്കം.