കൊല്‍ക്കത്ത: ഉത്തമ സന്തതികളെ ഉണ്ടാക്കാനുള്ള പദ്ധതിയുമായി സംഘപരിവാര്‍. ആര്‍എസ്എസിന്‍റെ ആരോഗ്യ ഭാരതിയുടെ നേതൃത്വത്തിലാണ് പദ്ധതി. ഉയരം, നിറം, ഐക്യു എന്നിവ കുറവുള്ള മാതാപിതാക്കള്‍ക്ക് അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ മികച്ച സന്താനങ്ങളെ നല്‍കാനുള്ള പദ്ധതിയാണ് ഇതെന്നാണ് ആരോഗ്യ ഭാരതി അറിയിക്കുന്നത് 

ഈ പദ്ധതിയുടെ ആചാര, പരീശീലന ക്രമങ്ങള്‍ വിശദീകരിക്കുന്നതിനായി ഗര്‍ഭ സംസ്കാര് എന്ന പേരില്‍ പരിശീലന ശിബിരം കൊല്‍ക്കത്തയില്‍ നടത്താന്‍ പോകുകയാണ് ആരോഗ്യഭാരതി. വര്‍ഷങ്ങള്‍ക്കു മുമ്പ് ഗുജറാത്തിലാണ് പദ്ധതി തുടങ്ങിയത്. 2015 മുതല്‍ ദേശവ്യാപകമായി വ്യാപിപ്പിച്ചു. ഗുജറാത്തിലും മധ്യപ്രദേശിലുമായി 10 ശാഖകള്‍ ആരോഗ്യ ഭാരതിക്കുണ്ട്.

അതേ സമയം ആര്‍എസ്എസ് ദമ്പതികള്‍ക്ക് നല്‍കുന്ന കൌണ്‍സിലിങ്ങിന്‍റെ ശാസ്ത്രീയത വ്യക്തമാക്കണമെന്നും തെളിവ് നല്‍കണമെന്നും കൊല്‍ക്കത്ത ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനെതിരെ ബംഗാളിലെ ശിശു അവകാശ സംരക്ഷക കമ്മീഷന്‍ ചെയര്‍മാനാണ് കോടതിയെ സമീപിച്ചത്. കേസില്‍ കോടതിയുടെ ചോദ്യങ്ങള്‍ക്ക് സംഘാടകള്‍ക്ക് ഉത്തരമുണ്ടായില്ല. 

ആഎസ്എസിന്റെ കൌണ്‍സലിങ്ങില്‍ യാതൊരു ശാസ്ത്രീയതയും ഇല്ലെന്നും കൂടാതെ ദമ്പതികളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നും പൊതുതാല്‍പര്യഹര്‍ജി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ശാസ്ത്രീയത തെളിയിക്കാന്‍ കോടതി ആവശ്യപ്പെട്ടത്. എന്നാല്‍ ക്യാമ്പ് തടയുന്നില്ലെന്ന് കോടതി അറിയിച്ചു.

എന്നാല്‍ ഗര്‍ഭ സംസ്കാര എന്ന പദ്ധതി പ്രാചീന ഭാരതത്തില്‍ നടന്നിരുന്നതാണെന്നും ഇതിന്റെ വിശദീകരണമാണ് കൊല്‍ക്കത്തയില്‍ നടക്കാന്‍ പോകുന്ന പദ്ധതിക്കുള്ളതെന്നുമാണ് ആരോഗ്യഭാരതിയുടെ വിശദീകരണം. ഗുജറാത്ത് ആയുര്‍വേദ സര്‍വകലാശാല അധ്യാപകനായ ഡോ. കൃഷ്മ നര്‍വിനാണ് ക്ലാസുകള്‍ നയിക്കുക. 2020 ആകുമ്പോഴേക്കും രാജ്യത്ത് ആയിരക്കണക്കിന് ഉത്തമ സന്താനങ്ങള്‍ എന്ന ലക്ഷ്യവുമായാണ് പദ്ധതി നടപ്പിലാക്കുന്നത്. കരുത്തുറ്റ ഇന്ത്യയെ ഇത്തരത്തില്‍ സൃഷ്ടിക്കാമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. 

പദ്ധതി ജര്‍മ്മനിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് നടപ്പിലാക്കുന്നത്. ആയുര്‍വേദത്തിന്‍റെ സഹായത്തോടെ രണ്ടാം ലോകയുദ്ധത്തിന് ശേഷം അവിടുത്തെ കുട്ടികളെ ഇത്തരത്തില്‍ വളര്‍ത്തിയെടുത്തതാണെന്നും ആരോഗ്യഭാരതി പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. ഹൈന്ദവ ശാസ്ത്രങ്ങളില്‍ പ്രതിപാദിക്കുന്ന തരത്തിലുള്ള അനുഷ്ഠാനമാണ് ഇതിലൂടെ ഹിന്ദുക്കളെ പഠിപ്പിക്കുക. കേരളത്തിലെ കാസര്‍കോട് ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ ഇതിന്റെ ക്ലാസുകള്‍ ഡോ. കരിഷ്മ നര്‍ നടത്തിയിട്ടുണ്ട്.