കണ്ണൂർ: കൂത്തുപറമ്പിൽ ബോംബേറ് കേസിലെ പ്രതിയെ പിടികൂടാനെത്തിയ പൊലീസ് നടപടിക്കിടെ സംഘർഷം. കൂത്തുപറമ്പിലെ ധനകാര്യസ്ഥാപനത്തിലെത്തിയ പൊലീസിനെ ജീവനക്കാരടക്കം ചേർന്ന് ചെറുത്തതോടെയാണ് സംഘർഷമുണ്ടായത്.
കൂത്തുപറമ്പിലെ ബോംബേറ് കേസിലെ പ്രതിയെ തേടിയുള്ള വാഹനപരിശോധനക്കിടെ നിർത്താതെ പോവുകയും പൊലീസിനെ ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പേരിൽ ബിജോയ് എന്ന ആർ.എസ്.എസ് പ്രവർത്തകനെ തേടിയാണ് കതിരീർ പൊലീസ് ജാനകി ഫൈനാൻസ് എന്ന സ്ഥാപനത്തിലെത്തിയത്. എന്നാൽ ഇയാള്‍ സ്ഥാപനത്തില്‍ ഇല്ലെന്ന പറഞ്ഞ ജീവനക്കാർ പൊലീസിനെ തടഞ്ഞു. ജീവനക്കാർ അകത്തിരിക്കെ അടച്ചിട്ട കടയുടെ ഷട്ടർ ഉയർത്തി പൊലീസ് അകത്തു കയറുന്നത് ദൃശ്യങ്ങളിൽ കാണാം. ചെറുത്തുനിൽപ്പ് തുടർന്നതോടെ സംഘർഷമായി.
കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിനിടെ വടിയും ചില്ലുമുപയോഗിച്ച് പൊലീസിന് നേരെ ആക്രമണമുണ്ടായി. പൊലീസ് തിരിച്ചടിച്ചതോടെ സ്ത്രീകളടക്കമുള്ളവർക്ക് പരിക്കേറ്റു. കൂടുതൽ പൊലീസെത്തി വിപിൻ, ബൈജു എന്നീ ആർ.എസ്.എസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ കൃഷ്ണവേണി, രോഷിത് ബാബു എന്നിവരും മൂന്ന് പൊലീസുകാരും ചികിത്സയിലാണ്. പ്രതി സ്ഥലത്ത് ഇല്ലാതിരുന്നിട്ടും പൊലീസ് മനഃപൂർവ്വം സംഘർഷമുണ്ടാക്കിയെന്ന് സ്ഥാപനത്തിലുള്ളവരും, ജീവനക്കാർ ഗുണ്ടാ ആക്രമണം അഴിച്ചുവിട്ടെന്ന് പൊലീസും കുറ്റപ്പെടുത്തുന്നു. ഇതിനിടെ ആയിത്തറയിലെ ആർ.എസ്.എസ് പ്രവർത്തകൻ വിളയങ്ങാടൻ രഘുവിന്റെ വീട്ടിലാണ് ബോംബ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ ചില്ലുകളുംമറ്റും തകർന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ സ്ഫോടക വസ്തുക്കളും പൊലീസ് കണ്ടെടുത്തു. ബോംബ് നിര്‍മ്മാണത്തിനിടെ സ്ഫോടനമുണ്ടായെന്നാണ് സംശയിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. കൂത്തുപറമ്പ് , തൊക്കിലങ്ങാടി പ്രദേശങ്ങളിൽ ദിവസങ്ങളായി സി.പി.എം-ബി.ജെ.പി സംഘർഷവും സ്ഫോനങ്ങളും തുടരുകയാണ്.
