തിരുവനന്തപുരം: ശബരിമല സത്രീപ്രവേശനത്തിന് അനുകൂല നിലപാടെടുത്ത സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം ശനിയാഴ്ച രാവിലെ ആക്രമികള്‍ തീയിട്ട് നശിപ്പിച്ചിരുന്നു. ആക്രമണത്തില്‍ രണ്ട് കാറുകള്‍ പൂര്‍ണമായി കത്തി നശിച്ചു. ആശ്രമത്തിന് കേടുപാടുകള്‍ സംഭവിച്ചു. മുഖ്യമന്ത്രി പിണറായി വിജയനടക്കം സ്വാമിക്കെതിരെ നടന്ന ആക്രമണത്തെ അപലപിച്ച് രംഗത്ത് വന്നു. സംഘപരിവാറുകാരാണ് തനിക്കെതിരെ ആക്രമണം നടത്തിയതെന്നാണ് സ്വാമി സന്ദീപാനന്ദഗിരി ആരോപിക്കുന്നു. ശബരിമല വിധിയെ അനുകൂലിച്ച് നിലപാടെടുക്കുന്നതിന് മുന്നെയും സന്ദീപാനന്ദഗിരിക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ ആക്രമണ ഭീഷണി ഉണ്ടായിരുന്നു.

സ്വാമി ​അഗ്നിവേശിനെ ബിജെപി - യുവമോർച്ച പ്രവർത്തകർ ക്രൂരമായി മര്‍ദ്ദിച്ചത് കഴിഞ്ഞ ജൂലൈ മാസത്തിലാണ്. അഗ്നിവേശിനെ മര്‍ദ്ദിച്ച വാര്‍ത്ത ഷെയര്‍ ചെയ്ത് കേരളത്തിലെ സംഘപരിവാര്‍ അനുകൂലികള്‍ സന്ദീപാനന്ദഗിരിക്കും രണ്ടെണ്ണം കിട്ടണമെന്നും ആക്രമിക്കണമെന്നും ഭീഷണി ഉയര്‍ത്തിയിരുന്നു. സ്വാമി അ​ഗ്നിവേശ് വ്യാജ സ്വാമിയും ജിഹാദി മാവോയിസ്റ്റ് കൂട്ടുകെട്ടിന്‍റെ ഏജന്‍റുമാണെന്നാണ് സുരേഷ് കൃഷ്ണ ചേർപ്പുളശ്ശേരി എന്ന വ്യക്തിയുടെ പോസ്റ്റിൽ അക്രമത്തിനെ പിന്തുണച്ച് കൊണ്ട് കുറിച്ചിരിക്കുന്നത്.

ഹിന്ദു സന്യാസിയുടെ മുഖംമൂടി അണിഞ്ഞ് ഹിന്ദുത്വത്തെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുകയാണ് സ്വാമി അഗ്നിവേശ് എന്നാണ് സുരേഷ് കൃഷ്ണ തന്‍റെ പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. അരുദ്ധതി റോയിക്കെതിരെയും ദയാ ബായിക്കെതിരെയും ഇയാൾ തന്‍റെ പോസ്റ്റിലൂടെ വ്യക്തിഹത്യ നടത്തുന്നു. മതംമാറ്റ ഫ്രോഡ് എന്നാണ് ഇയാൾ ദയാബായിയെ വിശേഷിപ്പിച്ചിരിക്കുന്നത്. ഈ പോസ്റ്റിന് താഴെ വന്ന കമന്‍റിലാണ്  സന്ദീപാനന്ദ​ ഗിരിയെയും ഇതുപോലെ കൈകാര്യം ചെയ്യണമെന്ന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തെ അനുകൂലിച്ച് സംഘപരിവാര്‍-ബിജെപി നിലപാടിനെ പൊളിച്ച് സന്ദീപാനന്ദഗിരി രംഗത്ത് വന്നതോടെ സാമൂഹ്യമാധ്യമങ്ങളിലൂടെ സംഘപരിവാര്‍ അനുകൂലികള്‍ സ്വാമിക്കെതിരെ വലിയ ആക്രമമാണ് അഴിച്ച് വിട്ടത്. ഇതിന്‍റെ ബാക്കിപത്രമാണ് ഇന്ന് സന്ദീപാനന്ദഗിരിയുടെ ആശ്രമത്തില്‍ നടന്ന ആക്രമണമെന്നാണ് സ്വാമിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.  ആക്രമണത്തിന് പിന്നില്‍ സംഘപരിവാറും രാഹുല്‍ ഈശ്വറുമാണെന്നും മറുപടി പറയിപ്പിക്കുമെന്നും സന്ദീപാനന്ദഗിരി പ്രതികരിച്ചു. പന്തളം രാജകുടുംബത്തിനും ബിജെപിക്കും രാഹുല്‍ ഈശ്വറിനും ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു മറാനാകില്ല. നാളെ എന്നെയും ഇതുപോലെ കത്തിച്ചേക്കാമെന്നാണ് സന്ദീപാനന്ദഗിരി പ്രതികരിച്ചത്.