സംസ്ഥാന വിവരാവകാശ കമ്മിഷന്റെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍. വിവരാവകാശ കമ്മിഷണര്‍മാരുടെ അഞ്ച് ഒഴിവ് നികത്താത്തതാണ് പ്രതിസന്ധിക്ക് കാരണം. രാഷ്‌ട്രീയ അടിസ്ഥാനത്തില്‍ കമ്മിഷണര്‍മാരുടെ പട്ടിക തയ്യാറാക്കിയ മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ നടപടിയാണ് നിയമനത്തിന് തിരിച്ചടിയായത്.
സംസ്ഥാന മുഖ്യവിവരാവകാശ കമ്മീഷണര്‍ വിന്‍സണ്‍ എം പോള്‍ ചീഫ് സെക്രട്ടറി വിജയാനന്ദിന് നല്‍കിയ കത്തിലാണ് പ്രതിസന്ധിയെ കുറിച്ച് പറയുന്നത്. വിവരാവകാശ കമ്മിഷണര്‍മാരുടെ അഞ്ച് ഒഴിവുകള്‍ അടിയന്തിരമായി നികത്തിയില്ലെങ്കില്‍ കമ്മിഷന്റെ പ്രവര്‍ത്തനം തന്നെ അവതാളത്തിലാകുമെന്നാണ് കത്തിലെ സൂചന. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ രാഷ്‌ട്രീയപരിഗണനകളുടെ അടിസ്ഥാനത്തില്‍ കമ്മിഷണര്‍മാരുടെ പട്ടിക തയ്യാറാക്കിയതാണ് നിയമനത്തിന് തിരിച്ചടിയായത്. നടപടിക്കെതിരെ വിവരാവകാശപ്രവര്‍ത്തകരും ഇപ്പോഴത്തെ സര്‍ക്കാരും ഹൈക്കോടതിയിലെത്തി.കമ്മിഷണര്‍മാരുടെ പട്ടിക താല്‍ക്കാലികമായി കോടതി റദ്ദാക്കുകയും ചെയ്തു.കോടതിയുടെ അന്തിമ തീര്‍പ്പിന് വിധേയമായേ ഇനി കമ്മീഷണര്‍മാരുടെ നിയമനം നടക്കൂ.
അപ്പീലുകള്‍ ഉള്‍പ്പെടെ 12,637 ഹര്‍ജികള്‍ നിലവില്‍ വിവരാവകാശ കമ്മിഷനില്‍ തീര്‍പ്പാകാതെ കിടക്കുകയാണെന്നാണ് സൂചന.
