കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ചാണ് തടവുകാര്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ സര്‍ക്കാ‍ര്‍ തീരുമാനിച്ചത്. ഇളവിനുള്ള പട്ടികയില്‍ ടി.പി കേസ് പ്രതികളുണ്ടെന്ന വിവാദം ശക്തമാകുന്നതിനിടെയാണ് ജയില്‍ വകുപ്പ് സര്‍ക്കാറിന് അയച്ച പട്ടിക പുറത്തുവരുന്നത്. ടി.പി കേസില്‍ ജീവപര്യന്തം ശിക്ഷക്ക് വിധിക്കപ്പെട്ട കെ.സി രാമചന്ദ്രന്‍, കുഞ്ഞനന്തന്‍, അണ്ണന്‍ സിജിത്ത്, കിര്‍മ്മാണി മനോജ്, കൊടി സുനി എന്ന സുനില്‍കുമാര്‍, രജീഷ്, മുഹമ്മദ് ഷാഫി, ഷിനോജ്, അനൂപ് എന്നിവര്‍ പട്ടികയിലുണ്ട്. ഈ പട്ടിക ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സമിതി പരിശോധിച്ച ശേഷമാണ് ഗവര്‍ണ്ണക്ക് കൈമാറിയത്. പട്ടികയില്‍ എന്തൊക്ക മാറ്റം വരുത്തി എന്ന് സര്‍ക്കാര്‍ ഇതുവരെ വിശദീകരിച്ചിട്ടില്ല. 

ആ പട്ടികയിലും അനര്‍ഹര്‍ ഉണ്ടെന്നുളളതിന്റെ തെളിവായാണ് ഗവര്‍ണ്ണര്‍ സര്‍ക്കാറിനോട് വിശദീകരണം തേടിയത്. ഇളവിനുള്ള പട്ടിയില്‍ ടി.പി കേസ് പ്രതികളുണ്ടോ എന്ന് ഓ‌ര്‍ക്കുന്നില്ലെന്നായിരുന്നു ഫെബ്രുവരി 28ന് മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ മറുപടി. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവര്‍ക്ക് ഇളവ് കിട്ടാന്‍ 14 വര്‍ഷം പൂ‍ര്‍ത്തിയാക്കണമെന്നിരിക്കെ ടി.പി കേസ് പ്രതികള്‍ക്ക് എങ്ങിനെ ഇളവ് കിട്ടുമെന്നും പിണറായി ചോദിച്ചിരുന്നു. ഇത്തരം മാനദണ്ഡങ്ങളൊന്നും ജയില്‍ വകുപ്പ് പാലിച്ചിട്ടില്ലെന്നാണ് പുറത്തുവന്ന പട്ടിക വ്യക്തമാക്കുന്നത്. 

വാടക കൊലയാളികള്‍ക്ക് ഇളവ് നല്‍കരുതെന്ന വ്യവസ്ഥയും ഇവിടെ ലംഘിക്കപ്പെട്ടു. ചന്ദ്രബോസ് വധക്കേസിലെ പ്രതിയും കാപ്പ ചുമത്തപ്പെട്ടയാളുമായ മുഹമ്മദ് നിസാമും ഗുണ്ടാ തലവന്‍ ഓം പ്രകാശും ഇളവിനുള്ള പട്ടികയിലുണ്ട്. ഇളവിനുള്ള പട്ടിക സമര്‍പ്പിക്കുമ്പോള്‍ നിസാമിനെതിരെ കാപ്പ ചുമത്തിയിട്ടില്ലെന്ന വാദമാണ് ജയില്‍ വകുപ്പ് നിരത്തുന്നത്.