ശ്രീ രുത്യ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഇത്  രുദ്രയുടെ രണ്ടാം വരവ് തന്നെയാണ് എന്ന് സുരേഷും ഭാര്യ രമ്യയും പറയുന്നു.

തിരുവവന്തപുരം: ദുര്‍ഗ്ഗയ്‌ക്കും കുടുംബത്തിനും നിയമത്തില്‍ നിന്ന് ഇതുവരെ നീതി കിട്ടിയിട്ടില്ല. പക്ഷെ കാലം അവര്‍ക്ക് നീതി നല്‍കി. രണ്ടു വര്‍ഷം മുമ്പ് ചികിത്സാപ്പിഴവ് മൂലം തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ മരണപ്പെട്ട രുദ്രയുടെ മാതാപിതാക്കള്‍ക്ക് ഒരു കുഞ്ഞു കൂടി പിറന്നിരിക്കുന്നു. ഇത് മരണപ്പെട്ട തങ്ങളുടെ മകളുടെ പുനര്‍ജ്ജന്മമാണ്‌ എന്ന തലക്കെട്ടോടെ പിതാവ് സുരേഷ് തന്നെയാണ് വിവരം സാമൂഹ മാധ്യമങ്ങളില്‍ പങ്കു വച്ചത്.
2016 ജൂണ്‍ 10 നായിരുന്നു രമ്യയുടേയും സുരേഷിന്റെയും നാലുമാസം പ്രായമുള്ള രണ്ടാമത്തെ മകള്‍ രുദ്ര മരണപ്പെടുന്നത്.

സ്ഥിരമായി സ്നഗ്ഗി ഉപയോഗിച്ചുണ്ടായ ചുവന്ന തടിപ്പിന് ചികിത്സ തേടി എത്തിയ രുദ്ര ദിവസങ്ങള്‍ക്ക് ശേഷം മരണപ്പെടുകയായിരുന്നു. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണകരണമെന്നും അവര്‍ കുഞ്ഞിനെ പരീക്ഷണ വസ്തുവാക്കിയെന്നും ആരോപിച്ച് സുരേഷും ഭാര്യ രമ്യയും മകള്‍ മൂന്നര വയസുകാരി ദുര്‍ഗ്ഗയും സെക്രട്ടേറിയേറ്റ് പടിക്കല്‍ നിരവധി സമരങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ഇതുവരെ ഇവരുടെ പരാതിയിന്മേല്‍ ആശുപത്രി അധികൃതര്‍ക്കെതിരെ നടപടികള്‍ ഉണ്ടായിട്ടില്ല.

മൂന്നര വയസുകാരിയെ സമരത്തിന് കൊണ്ടുവന്നെന്ന പേരില്‍ ഇവര്‍ക്കെതിരെ നിരവധി കേസുകളും പോലീസ് എടുത്തിരുന്നു. ഇതിനിടയിലാണ് രമ്യ രണ്ടാമത് ഗര്‍ഭിണിയാവുന്നതും മെയ് 30 ആം തീയതി നെയ്യാറ്റിന്‍കര സര്‍ക്കാര്‍ ആശുപത്രിയില്‍ വച്ച് ഒരു പെണ്‍കുഞ്ഞിന് വീണ്ടും ജന്മം നല്‍കുന്നതും.ശ്രീ രുത്യ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഇത് രുദ്രയുടെ രണ്ടാം വരവ് തന്നെയാണ് എന്ന് സുരേഷും ഭാര്യ രമ്യയും പറയുന്നു. എന്നാല്‍ തങ്ങള്‍ സമരം അവസാനിപ്പിച്ചിട്ടില്ലെന്നും താത്കാലികമായി നിര്‍ത്തി വച്ചിരിക്കുക മാത്രമാണ് എന്നും നീതി കിട്ടുന്നത് വരെ പോരാടുമെന്നും സുരേഷ് ഏഷ്യാനെറ്റ് ഓണ്‍ലൈനിനോട് പറഞ്ഞു.