ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയയിൽ രക്തച്ചൊരിച്ചിൽ അവസാനിക്കുന്നില്ല. വിമതര്‍ക്ക് നേരെ സിറിയൻ സൈന്യവും റഷ്യയും ശക്തമായി ആക്രമണം തുടരുകയാണ്. വിമത കേന്ദ്രമായ അലപ്പോയിലെ ആശുപത്രിക്ക് നേരെയുണ്ടായതാണ് ഏറ്റവും ഒടുവിലത്തേത്.
ആക്രമണത്തിൽ 48 പേര്‍ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക വിവരം. ഇതിൽ കുട്ടികളും ഉൾപ്പെടും. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരാഴ്ചക്കിടെ ഇത് മൂന്നാം തവണയാണ് ആശുപത്രികൾക്ക് നേരെ റഷ്യ ബാരൽ ബോംബുകൾ വര്‍ഷിക്കുന്നത്. ക്ലസ്റ്റര്‍ ബോംബുകൾ ഉപയോഗിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
ആശുപത്രികൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളെ അപലപിച്ച് നേരത്തെ ഐക്യരാഷ്ട്രസഭ രംഗത്ത് വന്നിരുന്നു. റഷ്യയുടെത് യുദ്ധക്കുറ്റമാണെന്നാണ് യുഎൻ സെക്രട്ടറി ജനറൽ ബാൻ കി മൂണ്‍ പറഞ്ഞത്. എന്നാൽ ഈ മുന്നറിയിപ്പുകളെല്ലാം അവഗണിച്ചാണ് റഷ്യയുടെ ഈ ആക്രമണം.
ആരോഗ്യരംഗത്ത് സേവനമനുഷ്ടിക്കുന്നവര്‍ക്ക് ഏറ്റവും അപകടം പിടിച്ച മേഖലയാണ് സിറിയയെന്ന് ലോകാരോഗ്യസംഘടനയും ആശങ്ക രേഖപ്പെടുത്തി.ഒരാഴ്ചക്കിടെ റഷ്യയും സിറിയൻ സൈന്യം നടത്തിയ ആക്രണങ്ങളിൽ നാനൂറിലധികം പേരാണ് കൊല്ലപ്പട്ടത്.
എന്നാൽ ഭീകരരെ തുരത്തുന്നത് വരെ ആക്രണം തുടരുമെന്നാണ് റഷ്യൻ നിലപാട്. റഷ്യ ആക്രമണങ്ങൾ തുടര്‍ന്നാൽ ചര്‍ച്ചകൾ അവസാനിപ്പിക്കുമെന്ന് അമേരിക്കയും മുന്നറിയിപ്പ് നൽകിയിരുന്നു.
