റഷ്യൻ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ പിറന്ന ഒരു മത്സരമാണ് ശനിയാഴ്ച അരങ്ങേറിയ ബെൽജിയം-ടൂണിഷ്യ മത്സരം
മോസ്കോ: ഗോളുകളുടെ കാര്യത്തില്‍ റഷ്യൻ ലോകകപ്പ് മറ്റൊരു നേട്ടം കൈവരിച്ചിരിക്കുകയാണ്. ഗോൾരഹിത സമനിലകൾ ഇല്ലാതെ 29 മത്സരങ്ങൾ. 64 വർഷങ്ങൾക്കുശേഷമാണ് ഇത്രയധികം മത്സരങ്ങളിൽ ഗോളുകൾ പിറക്കുന്നത്. റഷ്യൻ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ പിറന്ന ഒരു മത്സരമാണ് ശനിയാഴ്ച അരങ്ങേറിയ ബെൽജിയം-ടൂണിഷ്യ മത്സരം.
ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഏഴ് ഗോളുകളാണ് പിറന്നത്. മത്സരത്തിൽ ബെൽജിയം 5-2ന് വിജയിച്ച് പ്രീക്വാർട്ടർ ഉറപ്പിക്കുകയും ചെയ്തു. ശക്തരായ പോർച്ചുഗൽ-സ്പെയിൻ മത്സരത്തിൽ ആറ് ഗോളുകൾ പിറന്നിരുന്നു. മൂന്നു ഗോളുകൾ വീതമാണ് ഇരു ടീമുകളും നേടിയത്. ശനിയാഴ്ച ബെൽജിയത്തിന്റെ സൂപ്പർ താരം റൊമേലു ലുകാകു മറ്റൊരു അപൂർവ നേട്ടം കൂടി കൈവരിച്ചു.
രണ്ട് ഇരട്ട ഗോളുകളുമായാണ് ലുകാകു അപൂർവ നേട്ടം കൈവരിച്ചത്. മറഡോണയ്ക്കു ശേഷം ലോകകപ്പിൽ അടുത്തടുത്ത മത്സരങ്ങളിൽ ഇരട്ട ഗോൾ നേടുന്ന റെക്കോർഡാണ് താരം സ്വന്തമാക്കിയത്. പാനമയ്ക്കെതിരെയും ടൂണിഷ്യയ്ക്കെതിരെയുമാണ് ലുകാകുവിന്റെ ഇരട്ട ഗോളുകൾ.
