റഷ്യന്‍ ക്ലബ്ബുകളെ എണ്ണവിലയിലെ കയറ്റിറക്കങ്ങള്‍ ഭയപ്പെടുത്തുന്നു സ്വദേശി താരങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ പ്രതിഫലം നല്‍കുന്നത് റഷ്യന്‍ പ്രീമിയര്‍ ലീഗാണ്

സ്വദേശികളായ ഫുട്ബോള്‍ താരങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്നത് റഷ്യന്‍ പ്രീമിയര്‍ ലീഗിലാണ്. അതിനാല്‍ പ്രമുഖരായ റഷ്യന്‍ താരങ്ങളടക്കം സ്വന്തം നാട്ടില്‍ തന്നെയാണ് ലീഗ് മത്സരങ്ങള്‍ കളിക്കുന്നത്. ലോകകപ്പിനിറങ്ങുന്ന ദേശീയ ടീമിനെ തയ്യറാക്കിയെടുക്കാന്‍ ബുദ്ധിമുട്ട് കുറവുളള രാജ്യമായി റഷ്യ അറിയപ്പെടുന്നതും ഈ കാരണങ്ങള്‍ കൊണ്ടുതന്നെയാണ്. റഷ്യന്‍ ദേശീയ ടീമിന്‍റെ പരിശീലനങ്ങള്‍ക്ക് കൂടുതല്‍ സമയവും ഇതിനാല്‍ ലഭിക്കുന്നു.

ഈ അവസ്ഥ റഷ്യയില്‍ തുടര്‍ന്നു പോരാന്‍ കാരണം റഷ്യയിലെ എണ്ണ ഉല്‍പ്പാദക കമ്പനികളായിരുന്നു. അവരാണ് രാജ്യത്തെ ഫുട്ബോള്‍ ക്ലബുകളെ തീറ്റിപ്പോറ്റുന്നത്. ഏതാണ്ട് എല്ലാ മേഖലയിലെയും പോലെ തന്നെ ഫുട്ബോള്‍ ക്ലബുകളുടെ കാര്യത്തിലും മുഖ്യ നിയന്ത്രിതാവ് സര്‍ക്കാര്‍ തന്നെയാണ്. റഷ്യയില്‍ ആദ്യ രണ്ട് ഡിവിഷനുകളിലായി 36 ടീമുകളുണ്ട്. ഇവയില്‍ 31 എണ്ണത്തെ നിയന്ത്രിക്കുന്നത് പ്രാദേശിക സര്‍ക്കാരുകളാണ്. അതിനാല്‍ തന്നെ ഇത്രയും കാലം റഷ്യന്‍ പ്രകൃതി വിഭവ മേഖലയുമായി ബന്ധപ്പെട്ട കമ്പനികള്‍ പണം വലിയ തോതില്‍ ഈ മേഖലയില്‍ ചിലവഴിച്ചിരുന്നു. കൂടാതെ പ്രദേശിക- സംസ്ഥാന സര്‍ക്കാരുകളും തങ്ങളുടെ ക്ലബുകളെ പോഷിപ്പിക്കാന്‍ പണമൊഴുക്കി.

കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി എണ്ണവിലയില്‍ അന്താരാഷ്ട്ര വിപണിയില്‍ ചാഞ്ചാട്ടം തുടങ്ങിയതോടെ റഷ്യന്‍ ഫുട്ബോളിനെയും അത് പ്രതികൂലമായി ബാധിച്ചു തുടങ്ങി. റഷ്യന്‍ പ്രീമിയര്‍ ലീഗിലെ മത്സരങ്ങളുടെ ശരാശരി കാണികള്‍ 12,000 മാണ്. ടിവി പ്രക്ഷേപണം വഴിയുളള വരുമാനം 10 ശതമാനം മാത്രവും. ഇത് ടീമുകളുടെ വരുമാനത്തെ മേശമായി ബാധിക്കുന്നുണ്ട്. റഷ്യന്‍ സെന്‍ട്രല്‍ ബാങ്ക് നാണയമായ റൂബിളിന്‍റെ വിനിമയ നിരക്കില്‍ വരുത്തുന്ന മാറ്റങ്ങളും ഫുട്ബോള്‍ ക്ലബുകള്‍ക്ക് സര്‍ക്കാരുകളില്‍ നിന്നുളള വരുമാനം കുറച്ചിട്ടുണ്ട്.

വിദേശ താരങ്ങള്‍ക്ക് റഷ്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ നിലവില്‍ അനുമതി കിട്ടുന്നത് വലിയ ബുദ്ധിമുട്ടാണ്. മാത്രമല്ല പ്രതിഫലം സ്വദേശികളായ താരങ്ങളെക്കാള്‍ കുറവും. ഈ ലോകകപ്പിനെ റഷ്യന്‍ ക്ലബ്ബുകള്‍ വലിയ പ്രതീക്ഷയിലാണ് കാണുന്നത്. റഷ്യന്‍ പ്രീമിയര്‍ ലീഗിന് പെട്രോളിയം കമ്പനികളില്‍ നിന്ന് ഇപ്പോള്‍ പഴയതുപോലെ വരുമാനം ലഭിക്കാത്തതിനാല്‍ തന്നെ ലോകകപ്പിലൂടെ രാജ്യത്ത് സമാഹരിക്കപ്പെടുന്ന പണത്തിലാവും റഷ്യന്‍ ക്ലബ്ബുകളുടെ ഭാവി. മറ്റ് വ്യവസായ മേഖലകളിലുളള കമ്പനികളെ റഷ്യന്‍ ലീഗിലേക്ക് ആകര്‍ഷിച്ച് ടീമുകളിലേക്ക് നിക്ഷേപം ക്ഷണിക്കാനുളള സുവര്‍ണ്ണ അവസരമായുമാണ് റഷ്യന്‍ കാല്‍പ്പന്ത് ക്ലബ്ബുകള്‍ ലോകകപ്പിനെ കാണുന്നത്. 2018 ലെ റഷ്യന്‍ ലോകകപ്പിനെത്തുന്ന രാജ്യങ്ങളുടെ സാമ്പത്തിക അവസ്ഥകളെക്കുറിച്ച് ഗോള്‍ഡ്‍മാന്‍ സാഷെ പുറത്തുവിട്ട റിപ്പോര്‍ട്ടുകളിലാണ് ഇത്തരം നിരീക്ഷണങ്ങളുള്ളത്.