മോസ്കോ:  സിറിയയിലേക്ക് പോയ റഷ്യന്‍ പ്രതിരോധ വകുപ്പിന്‍റെ വിമാനം കരിങ്കടലില്‍ തകര്‍ന്നു വീണു.  91 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ആരും രക്ഷപ്പെട്ടതായി സൂചനയില്ല.

സോച്ചിയില്‍ നിന്ന് പറന്നുയര്‍ന്ന് 20 മിനിറ്റിന് ശേഷം വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു.  കരിങ്കടലിന് മുകളില്‍  റഡാറുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ട വിമാനം തകര്‍ന്നു വീഴുകയായിരുന്നുവെന്ന് പിന്നീട് റഷ്യ സ്ഥിരീകരിച്ചു. തീരത്ത് നിന്ന് ഒന്നര കിലോമീറ്റര്‍ അകലെ കടലില്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായും പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

81 യാത്രക്കാരും പത്ത് ജീവനക്കാരും ഉള്‍പ്പെടെ  91 പേരാണ്  വിമാനത്തിലുണ്ടായിരുന്നത്.  സിറിയയിലെ ലഡാക്യ പ്രവിശ്യയിലേക്ക് പോവുകായിരുന്നു ടിയു 154  വിഭാഗത്തില്‍പ്പെട്ട വിമാനം. റഷ്യന്‍ ആര്‍മിയുടെ ഒഫീഷ്യല്‍ കൊയര്‍ സംഘമായ അലക്സാന്‍ട്ര എന്‍സെംപിള്‍ അംഗങ്ങളാണ് വിമാനത്തിലുണ്ടായിരുന്നത്. 

ഇവര്‍ക്കൊപ്പം സൈനികോദ്യോഗസ്ഥരും മാധ്യമ പ്രവര്‍ത്തകരും വിമാനത്തില്‍   ഉണ്ടായിരുന്നു.  ലഡാക്യയിലെ റഷ്യന്‍ സൈനിക ക്യാന്പില്‍ സംഗീത പരിപാടിക്കായി പോകുകയായിരുന്നു സംഘം. അപകടത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. കരിങ്കടലില്‍ തെരച്ചില്‍ തുടങ്ങിയതായി റഷ്യന്‍ പ്രതിരോധ വകുപ്പുദ്യോഗസ്ഥര്‍ അറിയിച്ചു.