ശബരിമല സന്നിധാനത്തെ ഒരുവര്‍ഷത്തെ നിയോഗത്തിന് ഒടുവില്‍ പുസ്തക രചന പൂര്‍ത്തിയാക്കിയാണ് ശബരിമല മേല്‍ശാന്തിയായിരുന്ന ഇ എസ് ശങ്കരന്‍ നമ്പൂതിരി മലയിറങ്ങിയത്. തത്വമസി എന്ന പേരിലുള്ള പുസ്തകത്തില്‍ ശബരിമലയുടെ ചരിത്രവും ആചാരങ്ങളുമെല്ലാം വിവരിക്കുന്നു.
മകരവിളക്ക് കഴിഞ്ഞ് അടുത്ത മാസപൂജക്ക് ഉള്ള കാത്തിരിപ്പിനിടയിലാണ് പുസ്തകരചന എന്ന ആശയം ശബരിമല മേല്‍ശാന്തിയായിരുന്ന ഇ എസ് ശങ്കരന്‍ നമ്പൂതിരിയുടെ മനസ്സില്‍ കടന്നുകൂടിയത്. ശബരിമലയുടെ ചരിത്രവും ആചാരവും എല്ലാം അടങ്ങിയ പുസ്തകം തയ്യാറാക്കാന്‍ ഏറെ പണിപ്പെട്ടു. വിവിധ സ്ഥലങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. ശബരിമലയിലെ പ്രധാന ആചാരങ്ങള്‍, പൂജകള്‍ തന്ത്രിമാരുടെ കുടുബം വിശേഷ ദിവസങ്ങള്‍ എന്നിവ ഉള്‍പ്പടുത്തിയിട്ടുള്ളതാണ് 228 പേജുള്ള പുസ്തകം. അതുമാത്രമല്ല അയ്യപ്പചരിതവുമായി ബന്ധപ്പെട്ട വിവിധ ക്ഷേത്രങ്ങള്‍ പന്തളം കൊട്ടാരം എന്നിവയുമായി ബന്ധപ്പെട്ട കഥകളും പുസ്തകത്തില്‍ ഉണ്ട്. ഒപ്പം ചിത്രങ്ങളും. തന്‍റെ ജീവിതത്തിലെ ഏറ്റവും ആഗ്രഹങ്ങളില്‍ ഒന്നാണ് പൂര്‍ത്തിയാക്കിയതെ ശങ്കരന്‍ നമ്പൂതിരി പറയുന്നു. മേല്‍ശാന്തിയായിരിക്കെ ശബരിമലയില്‍ തനിക്കുണ്ടായ അനുഭവങ്ങളും തത്വമസിയിലൂടെ പറയുന്നുണ്ട്.
മലയാളത്തില്‍ രചന പൂര്‍ത്തിയാക്കി ഇംഗ്ലിഷ് ഭാഷയിലാണ് പുസ്തകം പുറത്ത് ഇറക്കിയിരിക്കുന്നത്. ഇംഗ്ലിഷില്‍ പുസ്തകം ഇറക്കിയതിന് പിന്നിലുമുണ്ട് ഒരുകാര്യം. ഭാഷയുടെ അതിര്‍വരമ്പ്കള്‍ക്ക് അപ്പുറം ശബരിമലയുടെ ഐതിഹ്യം എത്തിക്കുകയാണ് ലക്ഷ്യം.
