മലപ്പുറം: ഇന്ന് പുലര്‍ച്ചെ ശബരിമലയില്‍ ദര്‍ശനം നടത്തിയ രണ്ട് യുവതികളില്‍ ഒരാളായ കനകദുര്‍ഗയുടെ വീടിന് മുന്നില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറത്തെ കനക ദുര്‍ഗയുടെ വീടിന് പുലര്‍ച്ചെ മുതല്‍ പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. എന്നാല്‍ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചും നാമം ജപിച്ചും പ്രതിഷേധവുമായി എത്തുകയായിരുന്നു. 

അതേസമയം ബിജെപി അനുകൂലികളായ കുടുംബം കനകദുര്‍ഗയെ തള്ളി രംഗത്തെത്തിയതോടെ പ്രതിഷേധം അങ്ങാടിപ്പുറം നഗരത്തിലേക്ക് മാറ്റുകയായിരുന്നു. അങ്ങാടിപ്പുറം- മലപ്പുറം റോഡിന് നടുവില്‍ ഗതാഗതം തടസ്സപ്പെടുത്തിക്കൊണ്ടാണ് സംഘപരിവാര്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം നടന്നത്. റോഡിന് നടുവില്‍ കുത്തിയിരുന്നു പ്രതിഷേധിച്ച സംഘം വഴിയാത്രക്കാരെയും ആക്രമിച്ചു. റോഡിലൂടെ പോയ ബൈക്ക് യാത്രക്കാരനെ തള്ളിയിട്ടും വഴിയാത്രക്കാരെ ആക്രമിച്ചും പ്രതിഷേധം അക്രമാസക്തമായിരുന്നു.