ശബരിമല തീർഥാടനത്തിനായി പോർട്ടലിൽ രജിസ്റ്റർ ചെയ്തവരുടെ വിവരങ്ങൾ രഹസ്യമാക്കി പൊലീസ്.  ദർശനത്തിന് രജിസ്റ്റർ ചെയ്ത സ്ത്രീകളുടെ വിവരങ്ങൾ പുറത്ത് പോകാതിരിക്കാനാണ് നടപടി. രജിസ്റ്റർ ചെയ്യുന്നവരുടെ വിവരങ്ങൾ നേരത്തെ പോർട്ടലിൽ ലഭ്യമായിരുന്നു. 

തിരുവനന്തപുരം: ശബരിമല തീർഥാടനത്തിനായി പോർട്ടലിൽ രജിസ്റ്റർ ചെയ്തവരുടെ വിവരങ്ങൾ രഹസ്യമാക്കി പൊലീസ്. ദർശനത്തിന് രജിസ്റ്റർ ചെയ്ത സ്ത്രീകളുടെ വിവരങ്ങൾ പുറത്ത് പോകാതിരിക്കാനാണ് നടപടി. രജിസ്റ്റർ ചെയ്യുന്നവരുടെ വിവരങ്ങൾ നേരത്തെ പോർട്ടലിൽ ലഭ്യമായിരുന്നു. പൊലീസും കെഎസ്ആർടിസിയും ചേർന്ന് തയാറാക്കിയ വെബ് സൈറ്റിലാണ് വിവരങ്ങൾ രഹസ്യമാക്കിയത്. ശബരിമല ഡിജിറ്റല്‍ ക്രൗഡ് മാനേജ്മെന്‍റ് സിസ്റ്റത്തില്‍ കെഎസ്ആര്‍ടിസിയുടെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങും ഒപ്പം ദര്‍ശന സമയവും ബുക്ക് ചെയ്യാന്‍ സാധിക്കും.

Read More: ശബരിമല ദർശനത്തിന് ബുക്ക് ചെയ്യേണ്ടതിങ്ങനെ

നിലവില്‍ അഞ്ഞൂറിലധികം യുവതികളാണ് തീര്‍ഥാടനത്തിനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൂടുതല്‍ യുവതികളും ആന്ധ്രാപ്രദേശില്‍ നിന്നാണ് ബുക്ക് ചെയ്തതെന്നാണ് വിവരം. ദില്ലിയില്‍ നിന്നും, കുറച്ചുപേര്‍ കേരളത്തിൽ നിന്നും ദര്‍ശനത്തിനായി ബുക്ക് ചെയ്തിട്ടുണ്ട്. ജനുവരി 19 വരെയാണ് ഓണ്‍ലൈന്‍ ബുക്കിങ് നടത്താനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അതേസമയം, മണ്ഡലകാല പൂജകൾക്കായി ശബരിമല നട നാളെ തുറക്കുമ്പോള്‍ നവംബര്‍ 17 ന് (ശനിയാഴ്ച) സന്ദര്‍ശനത്തിന് എത്തുമെന്ന് വനിതാവകാശ പ്രവർത്തകയും ഭൂമാതാ ബ്രിഗേഡ് നേതാവുമായ തൃപ്തി ദേശായി പറഞ്ഞിരുന്നു. ആറ് യുവതികള്‍ക്കൊപ്പം എത്തുമെന്ന് പറ‍ഞ്ഞ തൃപ്തി സുരക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. എന്നാൽ തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ ഏർപ്പെടുത്തേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം. എല്ലാ സ്ത്രീകൾക്കും നൽകുന്ന അതേ സുരക്ഷ മാത്രമേ, തൃപ്തി ദേശായിക്കും സംഘത്തിനും ലഭിയ്ക്കൂ.

"