ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പുനഃപരിശോധനാഹർജികൾ പരിഗണിക്കുമ്പോൾ മുതിർന്ന അഭിഭാഷകനെ നിയോഗിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ദേവസ്വംബോർഡ് പ്രസിഡന്‍റ് എ.പദ്‍മകുമാർ. കോടതി ആവശ്യപ്പെട്ടാൽ റിപ്പോർട്ട് നൽകും. അത് യുവതീപ്രവേശത്തെ അനുകൂലിച്ചാകുമോ അല്ലയോ എന്ന് പിന്നീട് തീരുമാനിക്കും.

തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പുനഃപരിശോധനാഹർജികൾ പരിഗണിക്കുമ്പോൾ ഏതെങ്കിലും മുതിർന്ന അഭിഭാഷകനെത്തന്നെ നിയോഗിക്കുന്ന കാര്യം പരിഗണിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ്. ഇന്ന് തിരുവനന്തപുരത്ത് നടന്ന ദേവസ്വംബോർഡ് യോഗത്തിന് ശേഷമാണ് ദേവസ്വംബോർഡ് പ്രസിഡന്‍റ് എ.പദ്‍മകുമാർ നിലപാട് വ്യക്തമാക്കിയത്. സുപ്രീംകോടതിയിലെ സ്റ്റാൻഡിംഗ് കോൺസലിനെ മാറ്റുന്ന കാര്യം ചർച്ച ചെയ്യുമെന്ന് ബോർഡംഗം കെ.പി.ശങ്കർദാസും വ്യക്തമാക്കി.
കോടതി ആവശ്യപ്പെട്ടാൽ ശബരിമലയിലെ നിലവിലെ സ്ഥിതിയെക്കുറിച്ച് റിപ്പോർട്ട് നൽകും. അത് യുവതീപ്രവേശനത്തെ അനുകൂലിച്ചാകുമോ എന്ന് ഇപ്പോൾ പറയാനാകില്ല. യുവതീപ്രവേശനത്തെ അനുകൂലിക്കണോ വേണ്ടയോ എന്ന് പിന്നീട് ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും പദ്‍മകുമാർ വ്യക്തമാക്കി.
ഇതിനിടെ, ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറിയത് ആചാരലംഘനമല്ലെന്ന് ദേവസ്വംബോർഡംഗം കെ.പി.ശങ്കർദാസ് ആവർത്തിച്ചു. പതിനെട്ടാം പടി കയറിയത് ചടങ്ങിന്‍റെ ഭാഗമായിരുന്നു. ഇത് ആചാരലംഘനമല്ല. അങ്ങനെയാണെന്ന് താന്ത്രികാചാര്യൻമാർ പറഞ്ഞാൽ പരിഹാരക്രിയ ചെയ്യാൻ തയ്യാറാണെന്നും ശങ്കർദാസ് വ്യക്തമാക്കി. ഇരുമുടി കെട്ടില്ലാതെ പതിനെട്ടാം പടി കയറി ആചാരലംഘനം നടത്തിയ ശങ്കർദാസിനെ ബോർഡ് അംഗത്വത്തിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ചേർത്തല സ്വദേശി ഹർജി നൽകിയിരുന്നു. ബോർഡ് അംഗമായി ചുമതല ഏൽക്കുമ്പോൾ നടത്തിയ സത്യപ്രതിജ്ഞയുടെ ലംഘനമാണ് ശങ്കർ ദാസ് നടത്തിയെന്നാണ് ഹർജിയിലെ ആരോപണം . ദേവസ്വംബോർഡ് മുന്‍ പ്രസിഡൻറ് പ്രയാര്‍ ഗോപാലകൃഷ്ണൻ , ബിജെപി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ അടക്കമുള്ളവരും സമാനഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.