ശബരിമല സ്വർണക്കൊള്ള കേസിൽ ഇന്നലെ അറസ്റ്റിലായ മുൻ തിരുവാഭരണം കമ്മീഷണർ കെ എസ് ബൈ ബൈജുവിനെ റിമാൻഡ് ചെയ്തു.
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ഇന്നലെ അറസ്റ്റിലായ മുൻ തിരുവാഭരണം കമ്മീഷണർ കെ എസ് ബൈ ബൈജുവിനെ റിമാൻഡ് ചെയ്തു. ശബരിമല കട്ടിളപ്പാളി കേസിലെ നാലാം പ്രതിയാണ് കെഎസ് ബൈജു. മുരാരി ബാബുവിനെ തിങ്കളാഴ്ച വരെ എസ്ഐടി കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ഡി. സുധീഷ് കുമാർ 12ാം തീയതി വരെ എസ്ഐടി കസ്റ്റഡിയിലാണുള്ളത്. പോറ്റി നവീകരിച്ച് തിരികെ എത്തിച്ച കട്ടിളപ്പാളികൾ പരിശോധിച്ച് ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ദേവസ്വo സ്മിത്തിന്റെ സാന്നിധ്യം ഉറപ്പാക്കിയില്ല. തിരുവാഭരണം കമ്മീഷണറുടെ ഓഫീസിന്റെ പ്രവർത്തനം അടിമുടി ദുരൂഹമായിരുന്നുവെന്നും റിമാൻഡ് റിപ്പോര്‍ട്ടിലുണ്ട്.
അതേ സമയം ശബരിമല സ്വര്‍ണക്കൊള്ളക്കെതിരെ സമരം തുടരാനുള്ള തീരുമാനത്തിലാണ് കോണ്‍ഗ്രസ്. ദേവസ്വം മന്ത്രിയുടെയും ബോര്‍ഡിന്‍റെയും രാജി ആവശ്യപ്പെട്ട് ബുധനാഴ്ച സെക്രട്ടേറിയറ്റിലേയ്ക്ക് മാര്‍ച്ച് നടത്തും. ദേവസ്വം മുന്‍ കമ്മീഷണര്‍ വാസുവിനെ തലോടി ചോദ്യം ചെയ്താൽ സത്യം തെളിയില്ലെന്നും അന്വേഷണം ശക്തമാക്കണമെന്നും കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് പുതിയ ഭരണസമിതി വരും
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിന്‍റെ കാലാവധി നീട്ടില്ല. പ്രസിഡന്‍റായ പിഎസ് പ്രശാന്തിന്‍റെയും അംഗം അജികുമാറിന്‍റെയും കാലാവധി ആറ് മാസം നീട്ടാനാണ് സര്‍ക്കാര്‍ ആലോചിച്ചിരുന്നത്. ശബരിമല മണ്ഡല മകരവിളക്ക് നടത്തിപ്പിന് മുന്‍പരിചയമുള്ള പ്രസിഡന്‍റും അംഗങ്ങളും ഉണ്ടാകുന്നതാണ് ഉചിതമെന്ന് കണ്ടാണ് ഈ ആലോചന നടത്തിയത്. നിലവിലെ ഭരണസമിതിയോട് മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് എതിരഭിപ്രായവുമില്ലായിരുന്നു.
എന്നാൽ കാലാവധി നീട്ടാനുള്ള ഫയൽ ദേവസ്വം വകുപ്പ് നീക്കിയപ്പോള്‍ നിയമ വകുപ്പ് സംശയം ഉന്നയിച്ചു. കാലാവധി നീട്ടാനുള്ള ഓര്‍ഡിനൻസിൽ സ്വര്‍ണ്ണപ്പാളി മോഷണകേസും കോടതി പരാമര്‍ശങ്ങളും എല്ലാം ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ ഉടക്കിട്ടാൽ വിവാദമാകും. തെരഞ്ഞെടുപ്പ് കാലത്ത് അനാവശ്യ ചര്‍ച്ചകൾക്ക് ഇടം നൽകേണ്ടതില്ലെന്ന് കണ്ടാണ് കാലാവധി നീട്ടാനുള്ള നീക്കം ഉപേക്ഷിച്ചത്. പകരം ഹരിപ്പാട് മുൻ എംഎൽഎയും ആലപ്പുഴയിൽ നിന്നുള്ള മുതിര്‍ന്ന നേതാവുമായ ടികെ ദേവകുമാറിനെ ബോര്‍ഡ് പ്രസിഡന്‍റാക്കുന്നത് സിപിഎം സജീവമായി പരിഗണിക്കുന്നു. നാളെ ചേരുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനമെടുക്കും. വിളപ്പിൽ രാധാകൃഷ്ണൻ സിപിഐ പ്രതിനിധിയായി ബോര്‍ഡ് അംഗമാകും.

