ശബരിമലയിൽ പ്രതിഷേധം ഇനിയും തീർന്നിട്ടില്ലെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ. പ്രതിഷേധം അവസാനിപ്പിയ്ക്കാൻ ബിജെപിയുടെ കേന്ദ്രനേതാക്കൾ ശ്രമിക്കണം. ചെകുത്താനും കടലിനും ഇടയ്ക്കാണ് സർക്കാരെന്നും കടകംപള്ളി.

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സർക്കാർ വിഷമവൃത്തത്തിലാണെന്ന് തുറന്നുപറഞ്ഞ് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഒരു വശത്ത് വിധി നടപ്പാക്കാനുള്ള ബാധ്യതയുണ്ട്. മറുവശത്ത് ബിജെപി സൃഷ്ടിയ്ക്കുന്ന കലാപമുണ്ടാക്കുന്ന ബുദ്ധിമുട്ടുണ്ട്. ഭക്തജനങ്ങളുടെ വേഷത്തിലെത്തി നാട്ടിൽ കലാപമുണ്ടാക്കാനാണ് ബിജെപിയുടെ ശ്രമം. അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പ് വരെ ബിജെപി ഈ കലാപം ഇങ്ങനെ ഊതിവീർപ്പിയ്ക്കുമെന്നും കടകംപള്ളി പറഞ്ഞു.
നാളെ നടക്കുന്ന ദേവസ്വംബോർഡ് യോഗത്തിന് ശേഷം ശബരിമല കേസിൽ സുപ്രീംകോടതിയിൽ ബോർഡ് എങ്ങനെ ഇടപെടണമെന്ന കാര്യത്തിൽ തീരുമാനമെടുക്കും. നിലവിലെ അവസ്ഥ ബോർഡ് കോടതിയെ അറിയിക്കുമെന്നും കടകംപള്ളി വ്യക്തമാക്കി.
തുലാമാസപൂജയ്ക്കായി തുറന്ന ശബരിമല നട ഇന്ന് രാത്രി പത്ത് മണിയ്ക്കാണ് അടയ്ക്കുക. ഹരിവരാസനം പാടി നടയടച്ചാൽ ഇനി മണ്ഡലമകരവിളക്ക് കാലത്തിന് വേണ്ടിയുള്ള കാത്തിരിപ്പാണ്. അതിനുള്ളിൽ സ്ത്രീപ്രവേശനത്തെച്ചൊല്ലിയുള്ള അന്തിമതീരുമാനമുണ്ടായില്ലെങ്കിൽ അത് സർക്കാരിനും ദേവസ്വംബോർഡിനും പൊലീസിനും മുന്നിൽ സൃഷ്ടിയ്ക്കുന്ന വെല്ലുവിളി ചെറുതാകില്ല.