തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശനത്തിന്‍റെ പേരിൽ സംസ്ഥാനത്ത്  പലയിടങ്ങളിലും കെഎസ്ആര്‍‌ടിസി ബസുകള്‍ക്ക് നേരെ കല്ലേറ്. തിരുവനന്തപുരം ചേങ്കോട്ടുകോണം  പറയ്ക്കോട് കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി. വിഴിഞ്ഞത്തും പ്രാവച്ചമ്പലത്തും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി.

എറണാകുളത്ത് കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിവെച്ചു. സംസ്ഥാനത്തെ പ്രശ്നബാധിത മേഖലകളിൽ പൊലീസ് സംരക്ഷണയോടെ സർവീസ് നടത്തിയാൽ മതിയെന്ന നിർദ്ദേശത്തെ തുടർന്നാണിത്. ബസുകളുടെയും യാത്രക്കാരുടെയും സുരക്ഷ നോക്കിയാണ് തീരുമാനമെന്നും കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരി പറഞ്ഞു.  കൊട്ടാരക്കരയിലും കുണ്ടറയിലും ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. മലപ്പുറം തിരൂരില്‍ സംഘപരിവാര്‍ സംഘടനകളുടെ പ്രകടനത്തിനിടെ പൊലീസിന് നേരെ കല്ലേറുണ്ടി.   

പലയിടത്തും വ്യാപകസംഘർഷമാണ് ഇന്ന് ഉണ്ടായത്. കൊടുങ്ങല്ലൂരിൽ തുടങ്ങി പലയിടങ്ങളിലും മിന്നൽ ഹർത്താലുകൾ പ്രഖ്യാപിക്കപ്പെട്ടു. പലയിടത്തും ശബരിമല കർമസമിതി പ്രവർത്തകരും ബിജെപിക്കാരും ബലം പ്രയോഗിച്ച് കടകൾ അടപ്പിച്ചു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ തെരുവുയുദ്ധമാണ് അരങ്ങേറിയത്.