Asianet News MalayalamAsianet News Malayalam

ശബരിമല സ്ത്രീ പ്രവേശനം; കെ.സുധാകരന്‍റെ ഉപവാസം നാളെ

ശബരിമല സ്ത്രീപ്രവേശനത്തിൽ പ്രത്യക്ഷ സമരത്തിലേക്കെന്ന സൂചന നൽകി കോൺഗ്രസ്. കെപിസിസി വർക്കിംഗ് പ്രസിഡന്റ് ,കെ സുധാകരന്റെ നേതൃത്വത്തിൽ നാളെ പമ്പയിൽ ഉപവാസം നടത്തും. ശബരിമല വിധിക്ക് ശേഷമുള്ള സംസ്ഥാനത്തെ സാഹചര്യം ഹൈക്കമാൻഡിനെ അറിയിക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ദില്ലിയിലെത്തും. 

Sabarimala  K Sudhakarans fast will be tomorrow
Author
Sabarimala, First Published Oct 16, 2018, 7:05 AM IST

പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനത്തിൽ പ്രത്യക്ഷ സമരത്തിലേക്കെന്ന സൂചന നൽകി കോൺഗ്രസ്. കെപിസിസി വർക്കിംഗ് പ്രസിഡന്റ് ,കെ സുധാകരന്റെ നേതൃത്വത്തിൽ നാളെ പമ്പയിൽ ഉപവാസം നടത്തും. ശബരിമല വിധിക്ക് ശേഷമുള്ള സംസ്ഥാനത്തെ സാഹചര്യം ഹൈക്കമാൻഡിനെ അറിയിക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ദില്ലിയിലെത്തും. 

ശബരിമല സ്ത്രീപ്രവേശനത്തിന് അനുമതി നൽകുന്ന സുപ്രീം കോടതി വിധിയെ പരസ്യമായി എതി‍ർക്കേണ്ടതില്ലെന്നതാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിലപാട്. അതേ സമയം സംസ്ഥാനത്തെ സാഹചര്യത്തിന് അനുസരിച്ച് കെപിസിസിക്ക് നിലപാട് എടുക്കാനുള്ള അനുമതിയും കോൺഗ്രസ് നേതൃത്വം നൽകിയിരുന്നു.

ഇതേ തുടർന്ന് പാർട്ടിയുടെ കൊടി ഉയർത്താതെയും സ്ത്രീപ്രവേശനത്തിന് എതിരായ സമരത്തിൽ കോൺഗ്രസ് പ്രവർത്തകർക്ക് പങ്കെടുക്കാനുള്ള അനുമതി കെപിസിസി രാഷ്ട്രീയ കാര്യസമിതി നൽകിയിരുന്നു. എന്നാൽ ശബരിമല വിഷയത്തിൽ ബിജെപി രാഷ്ട്രീയനേട്ടമുണ്ടാക്കുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രത്യക്ഷ സമരത്തില്ലെന്ന തീരുമാനം കോൺഗ്രസ് പുനഃപരിശോധിക്കുന്നത്. 

ഇക്കാര്യം രാഹുൽ ഗാന്ധിയേയും ബോധ്യപ്പെടുത്താനാണ് രമേശ് ചെന്നിത്തല ദില്ലിയിലെത്തുന്നത്. രാഹുലുമായുള്ള ചെന്നിത്തലയുടെ കൂടിക്കാഴ്ച വ്യാഴാഴ്ച ഉണ്ടായേക്കും. ആചാരം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഉമ്മൻചാണ്ടി സർക്കാർ, സ്ത്രീ പ്രവേശനത്തെ എതിർത്തിരുന്നു. സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്നതാണ് ആർഎസ്എസ് നിലപാടെന്നും എന്നാൽ രാഷ്ട്രീയ നേട്ടത്തിനായി ബിജെപി പ്രശ്നത്തെ ഉപയോഗിക്കുന്നുവെന്നും ചെന്നിത്തല രാഹുൽ ഗാന്ധി അറിയിക്കും. 

തന്ത്രിമാരുടെ ഉപവാസ സമരത്തിൽ നേരിട്ട് പങ്കെടുക്കാനായില്ലെങ്കിൽ പ്രത്യേകം പന്തലിൽ ഉപവാസം നടത്താനാണ് കോൺഗ്രസ് നേതാക്കൾക്കിടയിലെ ധാരണ. സ്ത്രീപ്രവേശനത്തിനെതിരെ പരസ്യനിലപാടെടുത്ത കെ. സുധാകരന്‍ പന്തലില്‍ നാളെ ഉപവാസം നടത്തും.

Follow Us:
Download App:
  • android
  • ios