മാവേലിക്കര: കട അടപ്പിക്കാനെത്തിയ ശബരിമല കർമസമിതിയുടെ ഒരുസംഘം പ്രവർത്തകരാണ് പതിനേഴുകാരനായ ജയപ്രകാശിനേയും അമ്മ സുശീലയെയും ആക്രമിച്ചത്. ജയപ്രകാശ് അംഗപരിമിതനാണ്. ഇവരുടെ മാവേലിക്കര ബുദ്ധ ജംഗ്ഷനിൽ ചായക്കട നടത്തുന്ന പളനി എന്നയാളുടെ ഭാര്യയും മകനുമാണ് സുശീലയും ജയപ്രകാശും. ചായക്കട തുറന്നുവച്ചതിന് എതിരെ ആയിരുന്നു പ്രതിഷേധം. തയ്യാറാക്കി വച്ചിരുന്ന പലഹാരങ്ങളും അലമാരയും ഉപകരണങ്ങളും ക‍ർമ്മസമിതി പ്രവർത്തകർ നശിപ്പിച്ചു. ചായക്കട പൂർണ്ണമായും തകർത്തു.

തിരുവല്ല നഗരത്തിലും ശബരിമല കർമസമിതിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ആളുകളെത്തി നിർബന്ധിച്ച് കടകൾ അടപ്പിച്ചു. തിരുവല്ലയിലെ കടകൾ പൂർണ്ണമായും അടഞ്ഞുകിടക്കുകയാണ്. പത്തനം തിട്ടയിലും തുറന്നിരുന്ന കടകൾ നിർബന്ധപൂർവം അടപ്പിച്ചു. ജില്ലയിൽ പലയിടത്തും തുറന്നിരുന്ന കടകൾ സംഘമായെത്തിയ ശബരിമല കർമ്മസമിതിക്കാർ അടിച്ചുതകർത്തു.