ശബരിമല:മണ്ഡല മഹോത്സവത്തിന് അവസാനം കുറിച്ചുകൊണ്ടുള്ള മകരവിളക്കിനായി ശബരിമല ഒരുങ്ങി. സന്നിധാനത്തും പരിസരപ്രദേശങ്ങളിലുമായി ഒന്നരലക്ഷത്തിലേറെ ഭക്തര്‍ മകരവിളക്കിന് സാക്ഷ്യം വഹിക്കാനെത്തിയിട്ടുണ്ടെന്നാണ് സുരക്ഷാഉദ്യോഗസ്ഥരുടെ പ്രാഥമിക കണക്ക്. കഴിഞ്ഞ രണ്ടു വര്‍ഷത്തില്‍ നിന്നും വ്യത്യസ്തമായി കനത്ത തിരക്കാണ് ഇക്കുറി ശബരിമലയില്‍ അനുഭവപ്പെട്ടുന്നത്.
സന്നിധാനത്തിന് ഉള്‍ക്കൊള്ളാനാവാത്ത രീതിയിലുള്ള തീര്‍ത്ഥാടക പ്രവാഹം ഉണ്ടായതിനാല്‍ കഴിഞ്ഞ നാല് മണിക്കൂറായി ശബരിമലയിലേക്കുള്ള പ്രവേശനം തടഞ്ഞിരിക്കുകയാണ്. ഇതേതുടര്‍ന്ന് തീര്‍ത്ഥാടകരുടെ ക്യൂ കിലോമീറ്ററുകളോളം നീണ്ടു കഴിഞ്ഞു. മകരവിളക്കിന് ശേഷം ഭക്തര്‍ കൂട്ടത്തോടെ മലയിറങ്ങുന്ന സാഹചര്യത്തില്‍ അപകടങ്ങളുണ്ടാവാതിരിക്കാന്‍ ശക്തമായ സുരക്ഷ സംവിധാനമാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. സുരക്ഷാക്രമീകരണങ്ങള്‍ ഏകോപിപ്പിക്കാന്‍ ഡിജിപി ലോക്നാഥ് ബെഹ്റ അല്‍പസമയം മുന്‍പ് പന്പയിലെത്തിയിട്ടുണ്ട്.
മകരവിളക്കിന് മുന്നോടിയായി അയ്യപ്പന് ചാര്‍ത്തനായുള്ള തിരുവാഭരണങ്ങളുമായി പന്തളം കൊട്ടാരത്തില്‍ നിന്നും പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര അല്‍പസമയത്തിനകം സന്നിധാനത്തേക്ക് പ്രവേശിക്കും. തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധനയ്ക്കിടെയാണ് മകരജ്യോതി തെളിയുക. ഇപ്പോള്‍ ശബരിപീഠത്തിലെത്തിയ തിരുവാഭാരണഘോഷയാത്രയെ സ്വീകരിക്കാന്‍ ദേവസ്വം മന്ത്രിയടക്കമുള്ളവര്‍ ശരംകുത്തിയിലേക്ക് പോവും.
ശബരിമലയ്ക്കടുത്തുള്ള പുല്ലുമേട്ടില്‍ ഇന്നലെ മുതല്‍ തന്നെ ഭക്തര്‍ തന്പടിച്ചു കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 15,000-ത്തിലേറെ പേരാണ് പുല്‍മേട്ടിലെത്തിയതെന്നാണ് കണക്ക്. പോലീസുദ്യോഗസ്ഥരെക്കൂടാതെ വനം,റവന്യൂ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പുല്‍മേട്ടില്‍ തന്പടിച്ചിട്ടുണ്ട്. 1500----ഓളം പോലീസുദ്യോഗസ്ഥരെ സുരക്ഷയുടെ ഭാഗമായി ശബരിമലയ്ക്ക് ചുറ്റുമുള്ള വിവിധ ഭാഗങ്ങളിലായി വിന്യസിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. കുമളി, വണ്ടിപ്പെരിയാര്‍, പരുന്തുംപ്പാറ, പഞ്ചാലിമേട് തുടങ്ങിയ സ്ഥലത്തെല്ലാം പോലീസുദ്യോഗസ്ഥര്‍ ഇതിനോടകം നിലയുറപ്പിച്ചു കഴിഞ്ഞു.
