കൊല്ലം: ശബരിമലയില്‍ കഴിഞ്ഞ ദിവസം ദര്‍ശനം നടത്തിയ കേരള ദളിത് മഹിളാ ഫെഡറേഷന്‍ നേതാവ് എസ് പി മഞ്ജുവിന്‍റെ വീടിന്‍റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. ചാത്തന്നൂർ സ്വദേശിയാണ് മഞ്ജു. ചാത്തന്നൂർ സിഐയുടെ നേതൃത്വത്തിലാണ് സുരക്ഷ.

നവോത്ഥാന കേരളം ശബരിമലയിലേക്ക് ഓൺലൈൻ ഗ്രൂപ്പിന്‍റെ സഹായത്തോടെയായിരുന്നു ഇവര്‍ ശബരിമല ദര്‍ശനം നടത്തിയത്. ആരുടേയും പ്രതിഷേധം വഴിയിൽ ഉണ്ടായില്ലെന്ന് മ‌ഞ്ജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആചാരസംരക്ഷകർ എന്നുപറഞ്ഞ് ശബരിമലയിൽ നിൽക്കുന്നവരുടെ പിന്തുണ പോലും തനിക്ക് കിട്ടിയെന്നും ഇവര്‍ അവകാശപ്പെട്ടിരുന്നു.

എന്നാല്‍ അയ്യപ്പ സേവാ സംഘം  സഹായിച്ചുവെന്ന പി എസ് മഞ്ജുവിന്റെ വാദം തള്ളി അഖില ഭാരത അയ്യപ്പ സേവാ സംഘം രംഗത്തെത്തി. സംഘത്തെ അപകീർത്തിപ്പെടുത്താനുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന് വൈസ് പ്രസിഡന്റ് പി ബാലൻ പറ‍ഞ്ഞു. 

ഇതിനു മുമ്പും ശബരിമല ദർശനം നടത്താൻ ആഗ്രഹൃമറിയിച്ച് മഞ്ജു എത്തിയിരുന്നു. എന്നാല്‍ വലിയ പ്രതിഷേധം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും നേരിടാനിടയുള്ള ബുദ്ധിമുട്ടുകളെക്കുറിച്ചും പൊലീസ് വിശദീകരിച്ചതോടെ ഇവര്‍ പിന്തിരിയുകയായിരുന്നു. അതുകൊണ്ട്തന്നെ ഇത്തവണ പൊലീസിനെ അറിയിക്കാതെ രഹസ്യമായായിരുന്നു സന്ദര്‍ശനം.