Asianet News MalayalamAsianet News Malayalam

നിലയ്ക്കലില്‍ പൊലീസ് വണ്ടി തടഞ്ഞ് പ്രതിഷേധക്കാര്‍; കൂടുതൽ വനിതാ പൊലീസിനെ വിന്യസിച്ചു

ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നിലയ്ക്കലില്‍ സംഘര്‍ഷം.  പ്രതിഷേധക്കാര്‍ പൊലീസ് വണ്ടിയടക്കമുള്ള വാഹനങ്ങള്‍ തടയുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നിലക്കലിൽ കൂടുതൽ വനിതാ പൊലീസുകാരെ വിന്യസിച്ചു. 

sabarimala more women police force in nilakkal
Author
Pathanamthitta, First Published Oct 16, 2018, 10:47 PM IST

നിലയ്ക്കല്‍ : തുലാമാസ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കാനിരിക്കേ ഏതു വിധേനയും വനിതാപ്രവേശനം തടയുക എന്ന ലക്ഷ്യത്തോടെ ഒരു വിഭാഗം നടക്കുന്ന പ്രതിഷേധം നിലയ്ക്കലില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പൊലീസ് വണ്ടിയും പ്രതിഷേധകര്‍ തടഞ്ഞത്തോടെ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ വാക്കേറ്റമായി. അതേസമയം, ശബരിമലയിലേക്ക് എത്തുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി നിലക്കലിൽ കൂടുതൽ വനിതാ പൊലീസുകാരെ വിന്യസിച്ചു. 

പ്രതിഷേധകര്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന ഡിജിപിയുടെ ഉത്തരവിനു പിന്നലെയും പമ്പയിലേക്കുള്ള ബസുകള്‍ തടയുന്നത് തുടരുകയാണ്. തമിഴ്നാട്ടില്‍ നിന്നെത്തിയവരെ മര്‍ദ്ദിച്ച് ബസില്‍നിന്ന് ഇറക്കിവിട്ടു. സ്ത്രീയേയും ബന്ധിവിനേയുമാണ് മര്‍ദ്ദിച്ചത്. നിലയ്ക്കലില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുമ്പോഴും പൊലീസ് വെറും കാഴ്ചക്കാരായി നില്‍ക്കുകയാണ്. വൈകീട്ട്, ശബരിമല സംരക്ഷണസമിതിയുടെ പേരില്‍ പ്രതിഷേധക്കാര്‍ നിലയ്ക്കലില്‍ ബസുകള്‍ തടഞ്ഞ് സ്ത്രീകളെ ഇറക്കി വിട്ടതിനു പിന്നാലെയാണ് ഡിപിപി ഐ.ജിമാര്‍ക്കും ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയത്. മാധ്യമപ്രവര്‍ത്തകരടക്കമുള്ള യുവതികളെയാണ് നിലയ്ക്കലില്‍ ബസ് തടഞ്ഞ് ഇറക്കിവിട്ടത്. എല്ലാ ബസുകളും തടഞ്ഞ് അകത്ത് കയറി പരിശോധിക്കുന്ന സ്ത്രീകള്‍ ഉള്‍പ്പടെയുള്ള പ്രതിഷേധക്കാരുടെ സംഘം പത്തിനും നാല്‍പ്പതിനും ഇടയില്‍ പ്രായമുള്ള എല്ലാ സ്ത്രീകളേയും നടുറോഡില്‍ ഇറക്കിവിടുകയാണ്. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് റോഡ് ഗതാഗതം തടയുകയും പരിശോധന നടത്തുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ റേഞ്ച് ഐ.ജിമാര്‍ക്കും ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാനും അദ്ദേഹം നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

ഇന്ന് രാവിലെ മുതല്‍ ഒരു സംഘം സ്ത്രീകള്‍ നിലയ്ക്കലില്‍ വാഹനങ്ങള്‍ തടയുകയും പരിശോധിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. തങ്ങള്‍ വാഹനങ്ങള്‍ തടഞ്ഞ് യാത്രക്കാരെ ബോധവത്കരിക്കുകയാണ് ചെയ്യുന്നതെന്നാണ് ആദ്യം പറഞ്ഞതെങ്കിലും മണിക്കൂറുകള്‍ പിന്നിട്ടതോടെ സകലവാഹനങ്ങളും നിര്‍ത്തി അരിച്ചു പെറുക്കാന്‍ തുടങ്ങി. കെഎസ്ആര്‍ടിസി ബസുകളും മറ്റും നടുറോഡില്‍ നിര്‍ത്തി അകത്ത് കയറിയാണ് യാത്രക്കാരായ പെണ്‍കുട്ടികളെ ഇറക്കിവിടുന്നത്. 'ഇറങ്ങിവാടീ ഇറങ്ങി പോടീ' എന്നൊക്കെയുള്ള ആക്രോശങ്ങള്‍ കേട്ട് വിദ്യാര്‍ത്ഥിനികള്‍ അടക്കമുള്ളവര്‍ ഭയന്ന് ഇറങ്ങി പോകുകയായിരുന്നു. 

ആചാരസംരക്ഷണസമിതിയുടെ സമരം ഇവിടെ പത്ത് ദിവസം പിന്നിടുകയാണ്. വിധി ഉണ്ടെങ്കിലും പത്തിനും അന്‍പതിനും ഇടയില്‍ പ്രായമുള്ള ആരേയും ശബരിമലയിലേക്ക് കയറ്റി വിടില്ല എന്ന നിലപാടിലാണ് ഇവര്‍. ഇവരാണ് ഇന്ന് പത്തിനും അന്‍പതിനും ഇടയില്‍ പ്രായമുള്ളവരെ മല കയറ്റാന്‍ സമ്മതിക്കില്ല എന്ന് പ്രഖ്യാപിച്ച് ഇവര്‍ സ്ത്രീ യാത്രക്കാരെ ഇറക്കിവിട്ടത്. നാളെ വൈകുന്നേരം നട തുറക്കുന്നത് കണക്കിലെടുത്ത് രാവിലെ മുതല്‍ നിലയ്ക്കല്‍, എരുമേലി തുടങ്ങി ശബരിമലയിലേക്കുള്ള പ്രധാന പാതകളില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ രക്ഷാകവചം എന്ന പേരില്‍ പ്രതിരോധം ഒരുക്കുന്നുണ്ട്. ശബരിമലയിലേക്കുള്ള എല്ലാ വാഹനങ്ങളും പരിശോധിച്ച് സ്ത്രീകള്‍ പമ്പയില്‍ എത്തില്ലെന്ന് ഉറപ്പാക്കാനാണ് ഇവരുടെ ശ്രമം.

മറുവശത്ത് പൊലീസ് ശക്തമായ തയ്യാറെടുപ്പുകളാണ് നടത്തുന്നത്. നിലയക്കലിലും പമ്പയിലും വനിതാ പൊലീസ് സംഘത്തെ സജ്ജരാക്കി നിര്‍ത്തിയിട്ടുണ്ട്. വനിതാഭക്തര്‍ കൂടുതലായി മല കയറാന്‍ എത്തിയാല്‍ വനിതാ പൊലീസുകാര്‍ സന്നിധാനത്തേക്ക് നീങ്ങും. സന്നിധാനത്തും പമ്പയിലും ഒരുതരത്തിലുള്ള സംഘര്‍ഷത്തിനും ഇടം കൊടുക്കരതെന്നും കാര്യങ്ങള്‍ കൈവിട്ടു പോകാതെ നോക്കണമെന്നുമാണ് പൊലീസിന് കിട്ടിയിരിക്കുന്ന നിര്‍ദേശം. പ്രത്യേക സുരക്ഷ മേഖലയില്‍ പ്രതിഷേധം നടത്തിയാല്‍ ശക്തമായ നടപടിയുണ്ടാവുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട് സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി
പത്തനംതിട്ട ജില്ലയില്‍ പ്രത്യേക പട്രോളിംഗും നടത്തും.

Follow Us:
Download App:
  • android
  • ios