Asianet News MalayalamAsianet News Malayalam

ശബരിമല നട നാളെ അടയ്ക്കും; സംയമനം പാലിയ്ക്കാൻ പൊലീസ്; വീഴ്ച പരിശോധിക്കുമെന്ന് ഡിജിപി

ശബരിമലയിൽ സംയമനം പാലിച്ച്, സൂക്ഷ്മതയോടെ മുന്നോട്ടു നീങ്ങാനാണ് പൊലീസിന് ഡിജിപി നിർദേശം നൽകിയിരിക്കുന്നത്. ഇത്തവണ സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്ന് ഡ‍ിജിപി വ്യക്തമാക്കി. തുലാമാസപൂജയ്ക്ക് നട തുറന്നപ്പോൾത്തന്നെ ഇത്രയധികം പ്രതിഷേധമുണ്ടായ സാഹചര്യത്തിൽ മണ്ഡല-മകരവിളക്ക് സീസൺ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യവും പൊലീസിനെ കുഴപ്പിയ്ക്കുന്നുണ്ട്. ഓരോ മണിക്കൂറിലും ശബരിമലയിലെ സ്ഥിതിഗതികൾ ഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തുന്നുണ്ട്.

sabarimala nada to be closed tomorrow police to move forward in caution
Author
Sannidhanam, First Published Oct 21, 2018, 9:51 AM IST

സന്നിധാനം: തുലാമാസപൂജയ്ക്ക് തുറന്ന ശബരിമല നട നാളെ അടയ്ക്കും. ഇന്നും നാളെയും ശബരിമലയിൽ കർശന സുരക്ഷ ഏർപ്പെടുത്താനാണ് പൊലീസ് തീരുമാനം. ശബരിമലയിലേയ്ക്ക് ഇന്ന് സ്ത്രീകൾ എത്താൻ സാധ്യതയില്ലെന്നാണ് പൊലീസ് നിഗമനം. ഞായറാഴ്ചയായതിനാൽ തീർഥാടകരുടെ വലിയ തിരക്കാണ്  ശബരിമലയിൽ. മലയാളികളായ നിരവധി തീർഥാടകർ  സന്നിധാനത്തേയ്ക്ക് എത്തിയിട്ടുണ്ട്.

ശബരിമലയിൽ പ്രത്യേകസംഘത്തെത്തന്നെയാണ് നിയോഗിച്ചിട്ടുള്ളതെന്ന് ഡിജിപി ലോക്നാഥ് ബെഹ്‍റ വ്യക്തമാക്കി. ദീർഘകാലത്തെ പരിചയമുള്ള ഓഫീസർമാരാണ് ക്രമസമാധാനച്ചുമതല നിർവഹിക്കുന്നത്. ഇത്തവണ എന്തെങ്കിലും വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കും. മണ്ഡല-മകരവിളക്ക് സീസൺ പൊലീസിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. ഈ തീർഥാടക സീസൺ കഴിഞ്ഞ ശേഷം ഉന്നതപൊലീസുദ്യോഗസ്ഥരുടെ അവലോകന യോഗം ചേരും.  കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ പ്രതിഷേധങ്ങളുൾപ്പടെ, സാഹചര്യങ്ങൾ വിലയിരുത്തി വേണം അടുത്ത സീസണിൽ ഒരുക്കേണ്ട സുരക്ഷയെക്കുറിച്ച് തീരുമാനമെടുക്കാനെന്നും ബെഹ്‍റ വ്യക്തമാക്കി.

കേരളത്തിലെ എല്ലാ പ്രധാനപ്പെട്ട പൊലീസ് സ്റ്റേഷനുകളിലേയ്ക്കും  ശബരിമല കർമസമിതി ഇന്ന് സംസ്ഥാനവ്യാപകമായി മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. നിലയ്ക്കലും പമ്പയിലുമുള്ള പൊലീസ് സ്റ്റേഷനുകളിലേയ്ക്കും മാർച്ച് നടക്കാനുള്ള സാധ്യതയുണ്ട്. എല്ലാ ദിവസവും നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധപ്രകടനം നടത്തുമെന്ന് യുവമോർച്ച നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളതുമാണ്. ഇന്നലെയും ബിജെപി നേതാക്കൾ നിലയ്ക്കലിൽ പ്രതിഷേധം നടത്തുകയും അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ കനത്ത സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios