നിലയ്ക്കലിൽ വാഹന പരിശോധന കർശനമാക്കി പൊലീസ്. ശബരിമലയിലേക്ക് യുവതികൾ എത്താനുള്ള സാധ്യത മുന്നിൽക്കണ്ടാണ് പരിശോധനയെന്നാണ് വിവരം.
നിലയ്ക്കല്‍: ശബരിമലയിലേക്ക് പോകുന്ന വാഹനങ്ങളുടെ പരിശോധന നിലയ്ക്കലില്‍ പൊലീസ് കർശനമാക്കി. പുതിയ സുരക്ഷ ഉദ്യോഗസ്ഥർ ചുമതലയേറ്റതിന് പിന്നാലെയാണ് പരിശോധന കർശനമാക്കിയത്.
ഇന്ന് രാവിലെ മുതൽ പമ്പയിലേക്ക് പോകുന്ന എല്ലാ കെ എസ് ആർ ടി സി ബസുകളിലും പരിശോധിച്ച ശേഷമാണ് കടത്തി വിടുന്നത്. വനിത പൊലീസ് ഉൾപ്പെടെയുള്ളവരാണ് പരിശോധന നടത്തുന്നത്. ശബരിമലയിലേക്ക് യുവതികൾ എത്താനുള്ള സാധ്യത മുന്നിൽക്കണ്ടാണ് പരിശോധനയെന്നാണ് വിവരം. എന്നാൽ, ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
ദൂരസ്ഥലങ്ങളിൽ നിന്ന് യാതൊരു പരിശോധനയും കൂടാതെ കെ എസ് ആർ ടി സി ബസുകൾ എത്തുന്നുണ്ട്. അതിനാലാണ് നിലയ്ക്കലിൽ പരിശോധന കർശനമാക്കിയത് എന്നാണ് പോലീസിന്റെ വിശദീകരണം. മണ്ഡലകാലം അവസാനിക്കാറായതിനാലും അവധി ദിനങ്ങൾ ആയതിനാലും തീർഥതടാകരുടെ എണ്ണം കൂടിയിട്ടുണ്ട്. ഈ സീസണിലെ ഏറ്റവും വലിയ തിരക്കാണ് ഇന്നലെമുതൽ ശബരിമലയിൽ അനുഭവപ്പെടുന്നത്.
