ഇരുമുടിക്കെട്ടുമായി എത്തിയ 52 വയസ്സുകാരിയെ പ്രതിഷേധകര്‍ തടയാന്‍ ശ്രമിച്ചു. 50 വയസ്സില്‍ താഴെയാണെന്ന സംശയത്തിലാണ് നടപ്പന്തലില്‍ പ്രതിഷേധം ഉയര്‍ന്നത്. കുടുംബത്തോടെ എത്തിയ തമിഴ്നാട് സ്വദേശി പോലീസ് സുരക്ഷയില്‍ ദര്‍ശനം നടത്തി. തിരുച്ചിറപ്പള്ളി സ്വദേശി ലതയാണ് ദര്‍ശനം നടത്തിയത്.
സന്നിധാനം: ശബരിമല ദർശനത്തിനെത്തിയ അയ്യപ്പ ഭക്തയെ പ്രായം സംശയിച്ച് പ്രതിഷേധക്കാർ തടഞ്ഞുവെച്ചു. തിരുച്ചിറപ്പള്ളി സ്വദേശിനി ലത കുമരനാണ് നടപ്പന്തലിൽ ദുരനുഭവം ഉണ്ടായത്. കൂക്കിവിളി കൈയ്യടിയുമായി നടപന്തലിൽ അഞ്ഞൂറിലേറെ പ്രതിഷേധക്കാർ സംഘടിച്ചതോടെ പോലീസ് സുരക്ഷയിലാണ് ലത പതിനെട്ടാം പടി കയറി ദർശനം നടത്തിയത്.
രാവിലെ പതിനൊന്നര മണിയോടെയാണ് ഭർത്താവിനും മകനുമൊപ്പം ശബരിമല ദർശനത്തിനെത്തിയ ലതയെ പ്രതിഷേധക്കാർ വളഞ്ഞുവെച്ചത്. നടപ്പന്തലിൽ എത്തിയ ലതയുടെ പ്രായത്തിൽ സംശയം തോന്നിയ ആരോ ഒരാൾ കൂവിവിളിച്ച് ആളുകളെ കൂട്ടുകയായിരുന്നു. ഇതോടെ സന്നിധാനത്ത് നിന്നും പരിസരത്തുനിന്നും ആളുകൾ ഓടികൂടുകയായിരുന്നു.കാര്യമറിയാതെയെത്തിയ എല്ലാവരും പിന്നീട് പ്രതിഷേധത്തിൽ പങ്ക് കൂടുകയായിരുന്നു.
ഏതാനും മിനുട്ടുകൾ ഒന്നുമറിയാതെ സ്തംഭിച്ചപോയ ലതയെ സംരക്ഷിക്കാൻ സന്നിധാനത്തുണ്ടായ പോലീസ് ഓടിക്കൂടി. ഇതിനിടയിലും പലരും തിരിച്ചുപോകാൻ പറഞ്ഞു.എന്നാൽ തനിക്ക് അമ്പത് വയസ്സ് കഴിഞ്ഞെന്ന് കൂടി നിന്നവരോടെല്ലാം ലതയും ഭർത്താവും കരഞ്ഞു പറഞ്ഞു. പിന്നീട് പോലീസ് രേഖകൾ കാണിച്ച് പറഞ്ഞതോടെയാണ് ലതയെ നടമ്പത്തിൽ നിന്ന നടക്കാൻ അനുവദിച്ചത്. എന്നാൽ കൂടി നിന്നവർ ചുറ്റിലും ശരണവിളിയുമായി പടിനെട്ടാം പടിവരെ അനുഗിമിച്ചു. ഒടുവിൽ പോലീസ് സുരക്ഷയിലാണ് ലത പടി കയറിയത്. ശ്രീകോവിലിന് മുന്നിൽ കരഞ്ഞു നിന്ന ലത ഇത് രണ്ടാം തവണയാണ് താൻ ശബരിമലയിലെത്തിയതെന്ന് മാധ്യമങ്ങളോട് പറഞ്ഞു.
പിന്നീട് മാളികപ്പുറത്ത് ദർശനം നടത്തുന്നതിനും വഴിപാടുകൾ കഴിക്കാനുമെല്ലാം ലതയ്ക്ക് പോലീസ് സുരക്ഷ വേണ്ടിവന്നു. അമ്പത്തി രണ്ട് വയസ്സ് കഴിഞ്ഞ ലത ഇത് രണ്ടാം തവണയാണ് ശബരിമല ദർശനത്തിനെത്തുന്നത്.

