നവോത്ഥാന വനിതാ മതില്‍: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ആദ്യ യോഗം ഇന്ന്

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 3, Dec 2018, 8:49 AM IST
sabarimala renaissance wall first general council today
Highlights

ശബരിമല പ്രശ്നത്തിൽ നവോത്ഥാന വനിതാ മതിലിന്‍റെ മുന്നോടിയായുള്ള ജനറൽ കൗൺസിലിന്‍റെ ആദ്യ യോഗം ഇന്ന് വൈകീട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേരും. വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിൽ വനിതകളെ കൂടി ജനറൽ കൗൺസിലിൽ ഉൾപ്പെടുത്താനിടയുണ്ട്.

 

 

തിരുവനന്തപുരം: ശബരിമല പ്രശ്നത്തിൽ നവോത്ഥാന വനിതാ മതിലിന്‍റെ മുന്നോടിയായുള്ള ജനറൽ കൗൺസിലിന്‍റെ ആദ്യ യോഗം ഇന്ന് വൈകീട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേരും. വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിൽ വനിതകളെ കൂടി ജനറൽ കൗൺസിലിൽ ഉൾപ്പെടുത്താനിടയുണ്ട്. അതിനിടെ ശബരിമലയിൽ യുവതികളെ തടഞ്ഞ ഹിന്ദു പാർലമെന്‍റ് സെക്രട്ടറി സിപി സുഗതനെ സമിതിയിൽ ഉൾപ്പെടുത്തിയത് വിവാദമായി.

ശബരിമല പ്രശ്നത്തിൽ നവോത്ഥാന വനിതാ മതിലിനെ ചൊല്ലിയാണ് പുതിയ വിവാദം ഉയരുന്നത്. സിപിഎം എസ്എൻഡിപി, കെപിഎംഎസ് അടക്കമുള്ള സാമുദായിക സംഘടനകളുടെ പിന്തുണയോടെ ഒരു വശത്ത് വനിതകളുടെ പ്രതിരോധ മതിൽ തീർക്കുന്നു. മറുവശത്ത് പരിപാടിയുടെ ലക്ഷ്യം ചോദ്യം ചെയ്ത് പ്രതിപക്ഷവും എൻഎസ്എസ്സും വിമർശന മതിൽ ഉയർത്തിത്തുടങ്ങി. വിധിയെ എതിർക്കുന്നവരെ മതിലിന് പുറത്ത് നിർത്തി പിന്തുണക്കുന്ന സമുദായങ്ങളെ സർക്കാരിന് കീഴിൽ ഒരു കൂടക്കീഴിൽ അണിനിരത്തിയുള്ള രാഷ്ട്രീയനേട്ടം തന്നെയാണ് പിണറായി ലക്ഷ്യം വയ്ക്കുന്നത്.

അതേസമയം എൻഎസ്എസ് പിടിതരാതെ വിമർശനം തുടരുന്നത് സിപിഎമ്മിനെ ആശങ്കയിലാഴ്ത്തുന്നുണ്ട്, കേരളത്തിനകത്തും പുറത്തുനിന്നുള്ള വിവിധ മേഖലകളിലെ പ്രമുഖായ വനിതകളെയും മതിലിൽ അണിചേർക്കാനാണ് സിപിഎം നീക്കം. അതിനിടെ വനിതാ മതിൽ സംഘാടകസമിതിയിൽ വനിതകൾ ഇല്ലെന്ന വിമർശനം കൂടി കണക്കിലെടുത്ത് സമിതി പുനസംഘടിപ്പിച്ചേക്കും. വനിതകളെ ഉൾപ്പെടുത്താനാണ് സാധ്യത. 

അതിനിടെ ഹിന്ദുപാർലമെൻറ് പ്രതിനിധി സിപി സുഗതനെ സമതിയിൽ ചേർത്തതിൽ ഇടത് സംഘടനകൾക്കിടയിൽ തന്നെ പ്രതിഷേധമുണ്ട്. അയോധ്യയിലെ കർസേവയിൽ വരെ പങ്കെടുത്ത സുഗതൻ പമ്പയിൽ തുലാമാസ പൂജക്ക് വനിതകളെ തടഞ്ഞിരുന്നു. ഫേസ്ബുക്ക് പോസ്റ്റുകളിൽ കടുത്ത സ്ത്രീവിരുദ്ധ നിലപാടാണ് സുഗതൻ സ്വീകരിക്കാറുള്ളത്. സുഗതനെ മാറ്റുമോ അതോ സുഗതൻ സ്വയം മാറുമോ എന്ന് വ്യക്തമല്ല. സംഘാടക സമിതിയിൽ നിന്നും പിന്മാറാൻ സുഗതന് മേളും ഹിന്ദു പാർലമെന്റ് അംഗങ്ങളിൽ നിന്നും സമ്മർദ്ദമുണ്ട്.

loader