സന്നിധാനത്ത് നിയന്ത്രണങ്ങളില്ലെന്ന് അറിയിപ്പ്. ശരണം വിളിക്കുന്നതിനും നാപജപത്തിനും വിലക്കില്ല. നടപ്പന്തലില്‍ വിരിവയ്ക്കുന്നതിനും അനുമതി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും രാത്രിയിലും നടപ്പന്തലില്‍ വിരിവയ്ക്കാം.
ശബരിമല:ശബരിമലയില്‍ പൊലീസ് ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളില്‍ ഭാഗികമായി ഇളവ് വരുത്തി. ശബരിമല വലിയ നടപ്പന്തലിൽ ഇനിമുതൽ സ്ത്രീകൾക്കും കുട്ടികൾക്കും വിരിവെക്കാൻ അനുമതി നല്‍കിയുള്ള അറിയിപ്പ് രാത്രിയോടെ പുറത്തു വന്നു. ജില്ലാ കളക്ടര്‍ പിബി നൂഹ് സന്നിധാനത്ത് നേരിട്ടെത്തി ദേവസ്വം ബോര്‍ഡ് അധികൃതരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത്. ഇതു സംബന്ധിച്ച അറിയിപ്പ് സന്നിധാനത്തെ ഉച്ചഭാഷിണിയിലൂടെ രാത്രി പത്ത് മണിയോടെ പുറത്തു വന്നു തുടങ്ങി.
കൂട്ടം കൂടിയോ ഒറ്റയ്ക്കോ സന്നിധാനത്ത് നടക്കുന്നിനോ ശരണം വിളിക്കുന്നതിനോ വിലക്കില്ലെന്നും കളക്ടർക്ക് വേണ്ടി ഭക്തരെ അറിയിച്ചിട്ടുണ്ട്. ഇതാദ്യമായാണ് സന്നിധാനത്ത് നിയന്ത്രണങ്ങൾ സംബന്ധിച്ച് ജില്ലാ കളക്ടറുടെ നിർദ്ദേശങ്ങൾ മൈക്കിലൂടെ അറിയിക്കുന്നത്. എന്നാൽ വലിയ നടപ്പന്തലിൽ സ്ത്രീകൾക്കും കുട്ടികൾക്കും വിരിവെക്കാനുള്ള കാര്യത്തിൽ മാത്രമാണ് ഇളവെന്നും വാവര് നടയിലടക്കം മറ്റ് നിയന്ത്രണങ്ങൾ തുടരുമെന്നും പോലീസ് അറിയിച്ചു.
ഇന്ന് വൈകിട്ടോടെ സന്നിധാനത്ത് എത്തിയ പത്തനംതിട്ട ജില്ലാ കളക്ടര്‍ നൂര്‍ മുഹമ്മദ് ദേവസ്വം ബോര്‍ഡ്-പൊലീസ് അധികൃതരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് സന്നിധാനത്ത് വിരിവയ്ക്കുന്നതിനുള്ള നിയന്ത്രണം പിന്‍വലിച്ചു കൊണ്ടുള്ള അറിയിപ്പ് വന്നത്. സന്നിധാനത്ത് ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങളുടെ പേരില്‍ ഹൈക്കോടതിയില്‍ നിന്നും സര്‍ക്കാരിന് നേരെ നിരന്തരം വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങളില്‍ അയവ് വരുത്തിയതെന്നാണ് സൂചന.
