ഇന്നലെ രാത്രി നടന്ന രണ്ട് നാമജപങ്ങളും പ്രതിഷേധങ്ങളിലേക്ക് കടക്കാതെ അവസാനിച്ചു. വലിയ നടപ്പന്തലിലെ അവശേഷിക്കുന്ന നിയന്ത്രണങ്ങളും മാറ്റുന്നത് പരിഗണിക്കുമെന്ന് പൊലീസ് അറിയിച്ചതായി കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ...

സന്നിധാനം: ശബരിമലയിലെ നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ സന്നിധാനത്തെ പ്രതിഷേധങ്ങളും മയപ്പെടുകയാണ്. ഇന്നലെ രാത്രി നടന്ന രണ്ട് നാമജപങ്ങളും പ്രതിഷേധങ്ങളിലേക്ക് കടക്കാതെ അവസാനിച്ചു. വലിയ നടപ്പന്തലിലെ അവശേഷിക്കുന്ന നിയന്ത്രണങ്ങളും മാറ്റുന്നത് പരിഗണിക്കുമെന്ന് പൊലീസ് അറിയിച്ചതായി കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ പറഞ്ഞു.

തുടർച്ചയായ നാലാം ദിനവും സന്നിധാനം പ്രതിഷേധ സ്വഭാവമുള്ള നാമജപത്തിന് വേദിയായി. ശബരിമല കർമസമിതിയുടെ നേതൃത്യത്തിൽ നടന്ന നാമജപം മാളികപ്പുറത്തിന് സമീപമെത്തി പിരിഞ്ഞുപോയി. രണ്ടാമത് നടന്ന നാമജപത്തില്‍ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനും പങ്കാളിയായി. നട അടക്കുന്നതിന് തൊട്ടുമുൻപ് അതും അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി പൊലീസും കാര്യമായ നിയന്ത്രണത്തിന് മുതിർന്നില്ല. 

ഇതോടെ പ്രതിഷേധങ്ങളില്ലാതെ സന്നിധാനം ശാന്തമായി. ദർശനത്തിനെത്തി മടങ്ങുംവഴി കേന്ദ്രമന്ത്രി ഐ.ജി. വിജയ് സാഖറയടക്കമുള്ള ഉദ്യാഗസ്ഥരുമായി ഫോണിൽ സംസാരിച്ചു. ബാരിക്കേഡുകൾ നീക്കണമെന്നും വലിയ നടപ്പന്തൽ ഭജനക്കായി തുറക്കണമെന്നും മന്ത്രി അവശ്യപ്പെട്ടു. മന്ത്രി രാത്രിയോടെ മലയിറങ്ങി. വലിയ നടപ്പന്തലിൽ ഇന്നലെ രാത്രി തീർത്ഥാടകർ വിശ്രമിച്ചു.