ശബരിമല സ്ത്രീ പ്രവേശന കേസ് സുപ്രീംകോടതി ഭരണഘടന ബെഞ്ച് വിധി പറയാൻ മാറ്റിവെച്ചു. ശബരിമല പ്രത്യേക വിഭാഗത്തിൽപ്പെട്ട ക്ഷേത്രമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അവസാന ദിവസം കോടതിയിൽ വാദിച്ചു.
ദില്ലി: ശബരിമല സ്ത്രീ പ്രവേശന കേസ് സുപ്രീംകോടതി ഭരണഘടന ബെഞ്ച് വിധി പറയാൻ മാറ്റിവെച്ചു. ശബരിമല പ്രത്യേക വിഭാഗത്തിൽപ്പെട്ട ക്ഷേത്രമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അവസാന ദിവസം കോടതിയിൽ വാദിച്ചു. വാദത്തിനിടെ ശബ്ദമുയര്‍ത്തി സംസാരിച്ചതിന് ആൾദൈവം ഓംബാബയെ കോടതിയിൽ നിന്ന് ഇറക്കിവിട്ടു.
എട്ട് ദിവസം വാദം കേട്ടാണ് ശബരിമലയിലെ സ്ത്രീ പ്രവേശന കേസ് സുപ്രീംകോടതി വിധി പറയാൻ മാറ്റിവെച്ചത്. ഭരണഘടനപരമായ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ടുള്ള തീരുമാനമാണ് കോടതി എടുക്കേണ്ടതെന്ന് അവസാന ദിവസം അമിക്കസ്ക്യൂറി രാജുരമചന്ദ്രൻ വാദിച്ചു. എന്നാൽ ശബരിമലയിലെ ആചാരാനുഷ്ടാനങ്ങൾ അതേപോലെ സംരക്ഷിക്കണം എന്നതായിരുന്നു രണ്ടാമത്തെ അമിക്കസ്ക്യൂറി രാമമൂർത്തിയുടെ വാദം. വിവേചനത്തിനെതിരെയുള്ള ഭരണഘടന അവകാശം ഉയര്‍ത്തുമ്പോൾ തന്നെ വിശ്വാസത്തിന്‍റെ ഭരണഘടന അവകാശവും സംരക്ഷിക്കണമെന്ന് കോടതി പറഞ്ഞു.
സന്യാസി മഠങ്ങൾ പോലെ ശബരിമല പ്രത്യേക വിഭാഗത്തിൽപ്പെട്ട ആരാധന കേന്ദ്രമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു. ഹിന്ദുവിശ്വാസം തന്നെയാണ് ശബരിമലയിൽ പിന്തുടരുന്നത്. അങ്ങനെയുള്ള ക്ഷേത്രത്തിൽ വിവേചനമില്ലാതെ എല്ലാവര്‍ക്കും പ്രവേശിക്കാനാകണം. ക്ഷേത്ര പ്രവേശനത്തിൽ അര്‍ത്തവകാലത്ത് സ്ത്രീകളെ വിലക്കുന്ന ചട്ടം 3 ബി റദ്ദാക്കുന്നതിന് പകരം സ്ത്രീകൾക്കെതിരെയുള്ള ഭാഗം ഒഴിവാക്കി മാറ്റിവായിച്ചാൽ മതിയെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അത് പ്രായോഗികമല്ലെന്ന് ഭരണഘടന ബെഞ്ചിലെ ജസ്റ്റിസ് നരിമാൻ മറുപടി നൽകി.
പൗരന്‍റെ മൗലിക അവകാശത്തിനൊപ്പം വിശ്വാസത്തിന്‍റെ ഭരണഘടന അവകാശവും ഒരുപോലെ പരിഗണിക്കണമെന്ന വിലയിരുത്തലാണ് അവസാന ദിവസം കോടതി നടത്തിയത്. കേസിൽ എല്ലാ കക്ഷിക്കാരോടും വാദങ്ങൾ രേഖാമൂലം സമര്‍പ്പക്കാൻ കോടതി ആവശ്യപ്പെട്ടു. സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത് കേസിൽ നേരിട്ട് വാദിക്കാനെത്തിയ ആൾദൈവം ഓം ബാബയെ ശബ്ദമുയര്‍ത്തി സംസാരിച്ചതിന് ചീഫ് ജസ്റ്റിസ് കോടതിയിൽ നിന്ന് ഇറക്കിവിട്ടു.
