Asianet News MalayalamAsianet News Malayalam

ശബരിമല യുവതീപ്രവേശനം: സര്‍ക്കാരിന് രഹസ്യ അജണ്ടകളില്ലെന്ന് സത്യവാങ്മൂലം

ശബരിമല യുവതീപ്രവേശനത്തിൽ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. സര്‍ക്കാരിന് രഹസ്യ അജണ്ടകളില്ലെന്ന് സത്യവാങ്മൂലം. ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ വന്നത് കോടതി വിധിയനുസരിച്ചെന്ന് സര്‍ക്കാര്‍.

sabarimala women entry government affidavit in high court
Author
Kochi, First Published Jan 15, 2019, 1:11 PM IST

കൊച്ചി: ശബരിമലയിലെ യുവതീപ്രവേശന വിഷയത്തില്‍ സർക്കാരിന് രഹസ്യഅജണ്ടകളില്ലെന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം. ബിന്ദുവും കനകദുർഗയും യഥാർത്ഥ ഭക്തരല്ല എന്നതിന് തെളിവില്ലെന്നും ഇവർക്ക് പിന്നിൽ ഏതെങ്കിലും ബാഹ്യശക്തികൾ ഇടപെട്ടതായി റിപ്പോർട്ടില്ലെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. 

സുപ്രീംകോടതി വിധി വന്നതിന്ശേഷം സന്നിധാനത്തെത്തിയ ബിന്ദുവിന്റേയും കനകദുർഗ്ഗയുടേയും ശബരിമല പ്രവേശത്തെ കുറിച്ചായിരുന്നു ഹൈക്കോടതി കഴിഞ്ഞ ദിവസം ചില സംശയങ്ങൾ പ്രകടിപ്പിച്ചത്. ഇതിനുള്ള മറുപടിയായിട്ടായിരുന്നു സർക്കാർ സത്യവാങ്മൂലം. ശബരിമല സ്ത്രീപ്രവേശത്തിൽ സർക്കാരിന് രഹസ്യഅജണ്ടകളില്ല. ബിന്ദുവിന്റേയും കനകദുർഗയുടേയും എത്തിയത് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലായിരുന്നു. അവർ യഥാർത്ഥ വിശ്വാസികൾ അല്ല എന്ന് സർക്കാരിന് മുന്നിൽ റിപ്പോർട്ടുകളില്ല. കറുത്ത വസ്ത്രം ധരിച്ചെത്തിയ ഇരുവർക്കും  അയ്യപ്പഭക്തി അല്ലാതെ മറ്റെന്തെങ്കിലും അജണ്ടകളുള്ളതായി റിപ്പോർട്ടുകളുമുണ്ടായിരുന്നില്ല. ശബരിമലയിലെത്തുന്ന എല്ലാവരും യഥാർത്ഥ വിശ്വാസികളാണോ എന്ന് പരിശോധിക്കുക പ്രായോഗികമല്ലെന്നും സർക്കാർ കോടതിയിൽ അറിയിച്ചു. എത്തുന്ന എല്ലാവരുടേയും പശ്ചാത്തലവും പരിശോധിക്കാനാവില്ല. രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ സംശയമുള്ളവരെ മാത്രമാണ് നിരീക്ഷിക്കുന്നത്. 

ബിന്ദുവും കനകദുർഗയും എത്തിയതിന് പിന്നിൽ ബാഹ്യശക്തികൾ ഇടപെട്ടതായി കണ്ടെത്തിയിട്ടില്ല. ഒരു പ്രമുഖ പാർട്ടിയും ചില വലതുപക്ഷ ശക്തികളുമാണ് ശബരിമല സ്ത്രീപ്രവേശത്തെ എതിർക്കുന്നത് അവർക്കാണ്  രാഷ്ട്രീയഅജണ്ടയുള്ളത്. അവരാണ് പ്രശ്നങ്ങളുണ്ടാക്കുന്നത്. ബിന്ദുവും കനകദുർഗയും ദർശനം നടത്തിയത് വഴി സന്നിധാനത്തോ സംസ്ഥാനത്ത് മറ്റെവിടെയെങ്കിലുമോ പ്രത്യേകിച്ച് ഒരു പ്രശ്നവും ഉണ്ടായില്ല. പക്ഷെ ഇതിന്റെ പേരിൽ സമാധാന അന്തരീക്ഷം തകർക്കാൻ ശബരിമല കർമ്മസമിതി, ആചാരസംരക്ഷണസമിതി തുടങ്ങിയവർ ശ്രമിച്ചു. ശബരിമലയിലെ സമാധാന അന്തരീക്ഷം തകർക്കുംവിധം സർക്കാരോ സർക്കാർ സംവിധാനങ്ങളോ പ്രവർത്തിച്ചിട്ടില്ലെന്നും സർക്കാർ കോടതിയിൽ അറിയിച്ചു.

Follow Us:
Download App:
  • android
  • ios