കോഴിക്കോട്: ശബരിമല കയറാൻ സന്നദ്ധത അറിയിച്ച സ്ത്രീകളെ പിന്തിരിപ്പിക്കാൻ പൊലീസ് ശ്രമിച്ചുവെന്ന് ആരോപണം. കോഴിക്കോട് സ്വദേശിനിയുടെ വീട്ടിലെത്തി പൊലീസ് പിന്തിരിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി.

ശബരിമല കയറാൻ ആഗ്രഹമുണ്ടെന്നും അവിടെയെത്തിയാൽ മതിയായ സുരക്ഷ ലഭിക്കുമോയെന്നും ആവശ്യപ്പെട്ട് വ്യാഴാഴ്ചയാണ് യുവതി ഐജി മനോജ് എബ്രഹാമിന് മെസേജ് അയച്ചത്. ഇതിന് പിന്നാലെ വെള്ളിയാഴ്ച കോഴിക്കോട് എസിപി ഫോണിൽ ബന്ധപ്പെട്ടു. യാത്രയിൽ നിന്ന് പിന്തിരിപ്പിക്കുന്ന തരത്തിലാണ് സംസാരിച്ചതെന്നും യുവതി പറയുന്നു.

തുടർന്ന് ശനിയാഴ്ച രാവിലെ യുവതിയുടെ വീട്ടിൽ പൊലീസ് എത്തി. വിവരങ്ങൾ ചോദിച്ചറിയാനാണ് എത്തിയതാണെന്ന് വീട്ടുകാരോട് പറഞ്ഞത്. എന്നാൽ ശബരിമലയ്ക്ക് പോകുന്നത് പ്രയാസമായിരിക്കുമെന്നും പ്രശ്നങ്ങളുണ്ടാകുമെന്നും പറഞ്ഞ് മാതാപിതാക്കളെ പൊലീസ് ഭയപ്പെടുത്തിയെന്നാണ് യുവതിയുടെ പരാതി.

താനൊരു വിശ്വാസിയാണ്. ഭയംകാരണം പേര് വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ല. തന്നെപ്പോലെ ശബരിമല കയറാൻ വ്രതമടുത്ത മറ്റു ചില സ്ത്രീകളുടെ വീട്ടിലും പൊലീസ് എത്തി സമാനരീതിയിൽ പെരുമാറിയെന്നും യുവതി ആരോപിക്കുന്നു.