സോഷ്യല്‍ മീഡിയയിലൂടെ ജവാന്‍മാര്‍ അനുഭവിക്കുന്ന ദുരവസ്ഥ പുറത്തറിയിച്ച തേജ് ബഹാദൂര്‍ യാദവ് എന്ന ജവാനാണ് തന്നെ പിരിച്ചുവിട്ട നടപടിക്ക് എതിരെ ഹൈക്കോടതിയെ സമീപിക്കുന്നത്. നിരവധി പ്രമുഖര്‍ അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
പിരിച്ചു വിട്ടതിന തുടര്‍ന്ന് കഴിഞ്ഞ ദിവസം ഹരിയാനയിലെ റെവാരിയിലെ വീട്ടിലെത്തിയ തേജ് ബഹാദൂര്‍ എന്‍.ഡി.ടി.വിയോട് സംസാരിക്കുന്നതിനിടെയാണ് ഇക്കാര്യം അറിയിച്ചത്. 20 വര്‍ഷം സൈന്യത്തില്‍ ജോലി ചെയ്ത തേജ് ബഹാദൂറിന് ഇനി പെന്‍ഷന്‍ ലഭിക്കില്ല. ഇനിയുള്ള കാലം കൃഷി ചെയ്ത് ജീവിക്കാനാണ് താല്‍പ്പര്യമെന്ന് അദ്ദേഹം പറഞ്ഞു.
അതിര്‍ത്തിയില്‍ പട്ടാളക്കാര്‍ക്ക് മതിയായ ഭക്ഷണം നല്‍കുന്നില്ലെന്നും ഉന്നത ഉദ്യോഗസ്ഥര്‍ അഴിമതി നടത്തുകയാണെന്നുമാണ് ജവാന്‍ തേജ് ബഹാദൂര്‍ ഫേസ്ബുക്ക് വീഡിയോയിലൂടെ ആരോപിച്ചത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും വ്യാപക വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു. തുടര്‍ന്ന്, പ്രധാനമന്ത്രിയുടെ ഓഫീസ് സംഭവത്തെക്കുറിച്ച് ബി.എസ്.എഫിനോട് റിപ്പോര്‍ട്ട് തേടി. ഇതിനു ശേഷം നടത്തിയ സൈനിക വിചാരണയെ തുടര്‍ന്നാണ് പിരിച്ചു വിടല്‍ തീരുമാനം. എന്നാല്‍, വിചാരണ നീതിപൂര്‍വ്വകമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
വീഡിയോയില്‍ താന്‍ പറഞ്ഞത് സത്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥര്‍ അഴിമതി നടത്തുന്നതിനാല്‍, അതിര്‍ത്തിയിലെ സൈനികര്‍ക്ക് മോശം ഭക്ഷണമാണ് ലഭിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി നിരവധി തവണ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി. പ്രധാനമന്ത്രിയുടെ ഓഫീസിനു വരെ കത്തയച്ചു. എന്നിട്ടും നടപടിയുണ്ടായില്ല. തുടര്‍ന്നാണ് മറ്റൊരു വഴിയുമില്ലാതെ ഇക്കാര്യം പരസ്യമായി പറയാന്‍ തയ്യാറായത്. ഇതിന്റെ പേരിലാണ് താന്‍ ശിക്ഷിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത ദിവസം തന്നെ ഹൈക്കോടതിയെ സമീപിക്കും. ഇതിനായി ദില്ലിക്ക് തിരിക്കുകയാണ്. ഏതറ്റം വരെയും ഇതിനായി പോരാടുമെന്നും അദ്ദേഹം പറഞ്ഞു.
ജവാന്റെ ആരോപണം തെറ്റാണെന്ന് അന്വേഷണത്തില്‍ ബോധ്യമായതിനെ തുടര്‍ന്നാണ് പിരിച്ചുവിട്ടതെന്നാണ് ബിഎസ്എഫ് പറയുന്നത്. ബിഎസ്.എഫ് നിയമങ്ങള്‍ ലംഘിച്ചു, അച്ചടക്കലംഘനം നടത്തി, വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ഇയാള്‍ ചെയ്തതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് പിരിച്ചുവിടല്‍ നടപടിയെന്നും ബിഎസ്എഫ് വ്യക്തമാക്കിയിരുന്നു.
