ഇന്ന് രാവിലെയാണ് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രി സദാനന്ദ ഗൗഡയുടെ ഇളയ സഹോദരന്‍ ഭാസ്‌കര ഗൗഡ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരിച്ചത്. അസുഖ ബാധിതനായി കുറച്ചു നാളുകളായി ഭാസ്‌കര ഗൗഡ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൃതദ്ദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഏറ്റുവാങ്ങുന്നതിനായി ആശുപത്രിയിലെത്തിയ സദാനന്ദ ഗൗഡ ആശുപത്രിചെലവുകള്‍ ബില്‍ സ്വീകരിച്ച് പണം നല്‍കി.

കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകളായിട്ടായിരുന്നു മന്ത്രി ബില്ലടച്ചത്.. എന്നാല്‍ സര്‍ക്കാര്‍ പിന്‍വലിച്ച നോട്ടുകള്‍ സ്വീകരിക്കാനാകില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ആശുപത്രികള്‍ പഴയ നോട്ടുകള്‍ സ്വീകരിക്കണമെന്നാണ് നിര്‍ദ്ദേശമെന്ന് മന്ത്രി വ്യക്തമാക്കി. 

തങ്ങള്‍ക്ക് അത്തരം സര്‍ക്കുലര്‍ ലഭിച്ചിട്ടില്ലെന്നും പിന്‍വലിച്ച നോട്ടുകള്‍ സ്വീകരിക്കുന്നതിന് സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് മാത്രമാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതെന്നും സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു. തുടര്‍ന്ന് ബില്‍തുക ചെക്കായി അടച്ചതിന് ശേഷം ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ആശുപത്രി സഹോദരന്റെ മൃതദ്ദേഹം സദാനന്ദ ഗൗഡക്ക് വിട്ടുനല്‍കി. സംഭവം നിര്‍ഭാഗ്യകരമാണെന്ന് സദാനന്ദ ഗൗഡ പ്രതികരിച്ചു.