Asianet News MalayalamAsianet News Malayalam

സർദാർ സരോവർ അണക്കെട്ട് പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും

Saedar Sarovar Dam Inaguration
Author
First Published Sep 17, 2017, 6:22 AM IST

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ അണക്കെട്ടായ സർദാർ സരോവർ പ്രധാനമന്ത്രി ജൻമദിനമായ ഇന്ന് രാജ്യത്തിന് സമർപ്പിക്കും. 57 വർഷം മുൻപ് ജവഹർലാൽ നെഹ്റു തറക്കല്ലിട്ട പദ്ധതിയാണ് പൂർത്തിയാവുന്നത്. നർമദയുടെ തീരത്ത് കുടിയൊഴിക്കപ്പെടുന്ന പതിനായിരങ്ങളുടെ ദേഹത്ത് ചവിട്ടിയാണ് മോദി ജൻമദിനം ആഘോഷിക്കുന്നതെന്നാരോപിച്ച മേധാ പട്‍കർ ജലസത്യാഗ്രഹം തുടങ്ങി.

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു 1961ൽ തറക്കല്ലിട്ട അണക്കെട്ടാണ് മോദി അറുപത്തിഏഴാം ജൻമദിനത്തിൽ രാജ്യത്തിന് സമർപ്പിക്കുന്നത്. നർമദാ ജില്ലയിലെ കെവാഡിയിൽ ഡാമിന്റെ ഗേറ്റുകൾ തുറന്നാണ് ഉദ്ഘാടനം. തുടർന്ന് അണക്കെട്ടിന് അഭിമുഖമായി സാധുബേട്ട് ദ്വീപിൽ 182 മീറ്റർ ഉയരത്തിൽ നിർമിക്കുന്ന സർദാർ വല്ലഭായി പട്ടേലിന്റെ പ്രതിമ മോദി സന്ദർശിക്കും. ഇന്നലെ രാത്രി അഹമ്മദാബാദിലെത്തിയ മോദി അമ്മ ഹീരാബായെക്കണ്ട് അനുഗ്രഹം വാങ്ങി. ഗുജറാത്തിലെ ലക്ഷക്കണക്കിനുവരുന്ന കർഷകരുടെജീവിതം മാറ്റിമറിക്കുന്ന അണക്കെട്ട് യാഥാർത്ഥ്യമാവുകയാണെന്ന് മോദി ട്വിറ്ററിൽ കുറിച്ചു.

അണക്കെട്ട് വരുന്നതോടെ 9000 ഗ്രാമങ്ങളിലേക്ക് വെള്ളമെത്തിക്കാനാകും. 1.2 കിലോമീറ്റർ നീളത്തിലുള്ള ഡാമിന്റെ നിർമാണ ചെലവ് 8000 കോടി ആണ്. പാരിസ്ഥിതിക പുനരധിവാസ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സാമൂഹ്യപ്രവർത്തക മേഥാ പാട്കർ സുപ്രീം കോടതിയെ സമീപിച്ചതാണ് പദ്ധതി വൈകാൻ കാരണം. നർമദാ ബച്ചാവോ ആന്തോളൻ ഡാമിനെതിരെ വലിയ സമരമാണ് പതിറ്റാണ്ടുകളായി നടത്തുന്നത്. ഡാം വരുന്നതോടെ വെള്ളത്തിനടിയിലാകുന്ന മധ്യപ്രദേശിലെ ദാർ ബർവ്വാനി ജില്ലകളിലെ ജനങ്ങളെ മറ്റുപ്രദേശങ്ങളിലേക്ക് മാറ്റാനുള്ള ശ്രമം തുടരുകയാണ്. മോദി ഉദ്ഘാടനം നടത്തുമ്പോൾ താനും 36 ആളുകളും രണ്ടാം ഘട്ട  ജലസത്യാഗ്രഹം നടത്തുമെന്ന് മേഥാ പാട്കർ അറിയിച്ചു. ഡാമിന്റെ ഉയരം 138.98 മീറ്ററാക്കി ഉയർത്തിയിട്ടുണ്ട്. ഇതോടെ 177 ഗ്രാമങ്ങളിലെ നാല്പതിനായിരത്തിലധികം വീടുകളും മുപ്പതിനായിരം ഹെക്ടർ കൃഷിസ്ഥലവും പൂർണമായി വെള്ളത്തിനടിയിലാകും. കൃത്യമായ പുനരധിവാസസൗകര്യങ്ങളൊരുക്കുന്നതുവരെ ഡാമിന്റെ ഉയരം 121 മീറ്ററിൽ കൂട്ടരുതെന്ന് ആവശ്യപ്പെട്ടാണ് നർമദാ ബച്ചാവോ ആന്തോളന്റെ ഇപ്പോഴത്തെ സമരം.
 

Follow Us:
Download App:
  • android
  • ios