പാലക്കാട്: മണ്ണാര്‍ക്കാട് സ്വദേശി സഫീറിനെ കടയില്‍ കയറി കുത്തിക്കൊന്ന സംഭവത്തില്‍ അഞ്ച് പ്രതികളുടേയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കുന്തിപ്പുഴ സ്വദേശികളായ മുഹമ്മദ് ബഷീര്‍,റാഷിദ്,സുബഹാന്‍,അജീഷ്,ഷെര്‍ബില്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 

ഞായറാഴ്ച്ച രാത്രിയോടെ ഓട്ടോറിക്ഷയിലാണ് അഞ്ച് പ്രതികളും സഫീറിന്റെ കടയിലെത്തിയത്. മൂന്ന് പേര്‍ പുറത്തു നിന്നപ്പോള്‍ മുഹമ്മദ് ബഷീറും സുബ്ഹാനും കടയ്ക്കുള്ളില്‍ കയറുകയും ബഷീര്‍ സഫീറിനെ കുത്തുകയുമായിരുന്നു എന്നാണ് പോലീസ് പറയുന്നത്. 

ആക്രമണത്തില്‍ ശരീരത്തിലേറ്റ ആഴത്തിലുള്ള അഞ്ച് മുറിവുകളാണ് സഫീറിന്റെ മരണകാരണമെന്നും പോലീസ് വ്യക്തമാക്കുന്നു. കേസിലെ പ്രതികളെല്ലാം നേരത്തെ മുസ്ലീം ലീഗ് പ്രവര്‍ത്തകരായിരുന്നു പിന്നീടാണ് ഇവര്‍ ലീഗ് വിട്ട് സിപിഐയില്‍ ചേര്‍ന്നത്. 

സഫീറിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് രാഷ്ട്രീയ പ്രശ്‌നങ്ങള്‍ അല്ലെന്നും ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണെന്നുമാണ് പോലീസ് പറയുന്നത്. സഫീറിന്റെ കുടുംബവുമായി വളരെക്കാലമായി പ്രതികള്‍ വൈരാഗ്യത്തിലായിരുന്നു. 

സഫീറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മണ്ണാര്‍ക്കാട് താലൂക്കില്‍ മുസ്ലീംലീഗ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമാണ്. സഫീര്‍വധക്കേസ് പ്രതികളെ സിപിഐ സംരക്ഷിക്കുകയാണെന്ന് മുസ്ലീംലീഗ് ആരോപിക്കുന്നുണ്ട്. മകനെ കൊന്നവരെ മാത്രമല്ല കൊലപാതകം ആസൂത്രണം ചെയ്തവരേയും പിടികൂടണമെന്ന് സഫീറിന്റെ പിതാവ് ആവശ്യപ്പെടുന്നു.