തിരുവനന്തപുരം: ഹാദിയയെ സന്ദര്‍ശിച്ച ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ നടപടി ദുരൂഹമെന്ന് വുമൺസ് ഫ്രണ്ട് അധ്യക്ഷ എ.എസ്. സൈനബ. ഹാദിയയുടെ ഇപ്പോഴത്തെ അവസ്ഥയിൽ ആശങ്കയുണ്ടെന്നും അവർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഹാദിയ കേസില്‍ സംസ്ഥാന പോലീസ് രണ്ട് തവണ തന്നെ ചോദ്യം ചെയ്തിരുന്നുവെന്ന് സൈനബ വെളിപ്പെടുത്തി.
സത്യസരണിയില്‍ ഹാദിയ കഴിഞ്ഞ കാലത്തെ കാര്യങ്ങളാണ് ചോദിച്ചറിഞ്ഞത്. ഇക്കാര്യങ്ങള്‍ തന്നെയാണ് എന്‍ഐഎയും ആരാഞ്ഞത്. എന്നാല്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമെന്നത് ഹാദിയയുടെ കാര്യത്തില്‍ നടന്നിട്ടില്ലെന്നും മതംമാറിയ ശേഷമാണ് സത്യസരണിയിലെത്തി ഹാദിയ തന്നെ കാണുന്നതെന്നും സൈനബ വിശദീകരിക്കുന്നു.
ഹാദിയയുടെ ഇപ്പോഴത്തെ അവസ്ഥയില്‍ ആശങ്കയുണ്ട്. അവള്‍ സന്തോഷവതിയാണെന്ന ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയുടെ പ്രതികരണത്തില്‍ സംശയമുണ്ടെന്നും രേഖാ ശര്‍മ്മയുടെ സന്ദര്‍ശനത്തില്‍ ദുരൂഹതയുണ്ടെന്നും സൈനബ പറയുന്നു. കേരളത്തിലെ മതപരിവര്‍ത്തനം സംബന്ധിച്ച് എ എസ് സൈനബ പറഞ്ഞതായി ഒരു ദേശീയ മാധ്യമം പുറത്തു വിട്ട വാര്‍ത്ത ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. സൈനബയുടെ വെളിപ്പെടുത്തലുകള്‍ എന്‍ഐഎ അന്വേഷിക്കുമെന്ന പ്രചരണം ഉണ്ടെങ്കിലും, വാര്‍ത്തയുമായി ബന്ധപ്പെട്ട് ഒരന്വേഷണ ഏജന്‍സിയും ഇതുവരെ തന്നെ സമീപിച്ചിട്ടില്ലെന്ന് സൈനബ പറയുന്നു.
