തിരുവനന്തപുരം: നിരവധി വിജിലൻസ് കേസുകളിൽ പ്രതിയായ സിഡ്കോ മുൻ എംഡി സജിബഷീറിന് വീണ്ടും നിയമനം നൽകിതിന് പിന്നില്‍ സര്‍ക്കാരിന്‍റെ കള്ളക്കളി. കെൽപാം എംഡിയായാണ് സര്‍ക്കാര്‍ സജി ബഷീറിന് വീണ്ടും നിയമനം നല്‍കിയിരിക്കുന്നത്. കോടതി നിർദ്ദേശത്തെ തുടർന്നാണ് നിയമനമെന്നാണ് സർക്കാർ വാദം. എന്നാല്‍ സജി ബഷീറിനെതായ ഫയലുകള്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയില്ല.

വ്യവസായ വകുപ്പിൽ സ്ഥിരം നിയമനമെന്ന ഉദ്യോഗസ്ഥന്റെ വാദത്തെ ഹൈക്കോടതിയിൽ എതിർത്ത് തോൽപ്പിക്കാൻ സർക്കാരിനായില്ല. കോടതി ആവശ്യപ്പെട്ട രേഖകളൊന്നും തന്നെ സർക്കാർ ഹാജരാക്കിയില്ല. സെക്രട്ടറിയേറ്റില്‍ നിന്നും സജി ബഷീറിനെതിരായ ഫയലുകള്‍ കാണാതായി എന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ വിശദീകരണം. 

സിഡ്കോ എംഡിയായിരിക്കെ കോടികൾ വെട്ടിച്ച കേസിൽ വിജിലൻസ് അന്വേഷണം നേരിടുന്നയാളാണ് സജിബഷീർ. അഞ്ച് വിജിലന്‍സ് കേസാണ് സജിബഷീറിനെതിരെയുള്ളത്. ഇടതുസർക്കാർ അധികാരമേറ്റശേഷം സജിബഷീറിന് നിയമനം നൽകിയിരുന്നില്ല. ഇത് ചോദ്യം ചെയ്ത് സജി ബഷീർ ഹൈക്കോതിയെ സമീപിച്ചിരുന്നു. സിഡ്ക്കോയുടെ സ്ഥിരം എംഡിയായി തന്നെ സർക്കാർ നിയമിച്ചിട്ടുണ്ടെന്നായിരുന്നു സജി ബഷീറിന്റെ വാദം.

എന്നാൽ കഴിഞ്ഞ സർക്കാർതന്നെ, സജിയെ കേരള സ്റ്റേറ്റ് ഇൻഡസ്ട്രഡിയൽ സ് എൻറപ്രൈസസിൻറെ എംഡി ആയി നിയമച്ചിരുന്നെന്നും ഇക്കാര്യം എന്തുകൊണ്ട് നേരത്തെ ചോദ്യംചെയ്തില്ലെന്നും സർക്കാർ നിലപാടെടുത്തു. സി-ആപ്റ്റ് എന്ന സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന സജി ബഷീറിനെ സർക്കാർ നേരത്തെ പിരിച്ചുവിട്ടതാണ്. 

സജി ബഷീറിനെ ഒരു പൊതുമേഖല സ്ഥാപനത്തിലും നിയമനം നൽകില്ലെന്ന് കാണിച്ച് വ്യവസായ വകുപ്പ് ഉത്തരവുമിറക്കിയിരുന്നു. നിയമനമാവശ്യപ്പെട്ട് സജി ബഷീർ ഹൈക്കോടതിൽ നൽകിയ ഹർജിയെതുടർന്നാണ് സർക്കാർ വീണ്ടും സജി ബഷീറിന് നിയമനം നല്‍കിയിരിക്കുന്നത്. എന്നാല്‍ വ്യവസായ വകുപ്പെടുത്ത തീരുമാനത്തെ അട്ടിമറിച്ച് സജിക്കെതിരായ ഫയലുകള്‍ കോടതിയില്‍ ഹാജരാക്കാതെയാണ് സര്‍ക്കാര്‍ നിയമനം നല്‍കിയിരിക്കുന്നത്.