സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ബിജെപിയേക്കാള്‍ പിന്നിലാണ് കോണ്‍ഗ്രസ്

ചെങ്ങന്നൂര്‍: ഉപതിരഞ്ഞെടുപ്പില്‍ ഇത്തവണ ബിജെപി വോട്ടുമറിക്കുമെന്ന് കരുതുന്നില്ലെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍. 

കടുത്ത മത്സരമാണ് ഇക്കുറി നടന്നത്. ബിജെപി ശക്തമായ മത്സരം കാഴ്ച്ച വച്ചു. ചെങ്ങന്നൂരില്‍ വോട്ട് വിഹിതം കുറഞ്ഞാല്‍ അത് ദേശീയരാഷ്ട്രീയത്തിലും ചര്‍ച്ചയാവും എന്നതിനാല്‍ വോട്ട് വില്‍ക്കാന്‍ അവര്‍ ഒരുന്പെടില്ലെന്നാണ് കരുതുന്നതെന്നും സജി ചെറിയാന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ബിജെപിയേക്കാള്‍ പിന്നിലാണ് കോണ്‍ഗ്രസ്. കഴിഞ്ഞ തവണത്തേക്കാള്‍ കുറഞ്ഞ വോട്ടേ കോണ്‍ഗ്രസിന് ഇക്കുറി ലഭിക്കൂ. മത്സരം വളരെ കടുത്തതാണെങ്കിലും പോളിംഗ് ശതമാനത്തില്‍ വലിയ വര്‍ധന പ്രതീക്ഷിക്കുന്നില്ലെന്നും, പരമാവധി 77 ശതമാനം വരെ നടന്നേക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സജി ചെറിയാന്‍ പറഞ്ഞു. 

തിരഞ്ഞെടുപ്പില്‍ ഉണ്ടായ വ്യക്തിപരമായ ആരോപണങ്ങളെ ജനം പുച്ഛിച്ചു തള്ളും. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആര്‍ക്കെതിരെയും ആക്ഷേപം ഉന്നയിച്ചിട്ടില്ല. പക്ഷേ തനിക്കും തന്‍റെ കുടുംബത്തിനും നേരെ എതിരാളികള്‍ അടിസ്ഥാനരഹിതമായ ആക്ഷേപങ്ങള്‍ ഉന്നയിച്ചു. എന്നാല്‍ തന്നെ അറിയുന്ന ചെങ്ങന്നൂരിലെ ജനങ്ങള്‍ ഇതെല്ലാം തള്ളിക്കളയുമെന്നും സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു. 

നൂറല്ല, നൂറ്റിയൊന്ന് ശതമാനം വിജയപ്രതീക്ഷയോടെയാണ് താന്‍ മുന്നോട്ട് പോകുന്നത് ചെങ്ങന്നൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡി.വിജയകുമാര്‍ പറഞ്ഞു. കക്ഷിരാഷ്ട്രീയ ഭേദമന്യേ ഇക്കുറി തനിക്ക് വോട്ടുകള്‍ ലഭിക്കും, ചെങ്ങന്നൂരിലെ ജനങ്ങള്‍ക്ക് തന്നെ നന്നായി അറിയാം എന്നും വിജയകുമാര്‍ പറഞ്ഞു.