വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതിയായ സി പി ഐ എം മുന്‍ കളമശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ ഇപ്പോഴും ഒളിവിലാണ്. ഒളിവില്‍ കഴിയുന്നതിനിടെ കഴിഞ്ഞ ദിവസം പാര്‍ടി ഓഫീസിലെത്തിയ സക്കീറിന്റെ നടപടിക്കെതിരെ പാടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ രംഗത്ത് വന്നിരുന്നു. സക്കീര്‍ ഹുസൈന്‍ നിയമത്തിന് മുന്നില്‍ കീഴടങ്ങണമെന്നും അദ്ദേഹം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പാര്‍ടി സെക്രട്ടറി നിര്‍ദേശിച്ചിട്ടും അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ കീഴടങ്ങാന്‍ സക്കീര്‍ ഇന്നും തയ്യാറായില്ല.

ഏഴ് ദിവസത്തിനകം ഹാജരായാല്‍ മതിയെന്ന ഹൈക്കോടതി ഉത്തരവുളളതിനാല്‍ അതനുസരിച്ച് നീങ്ങാനാണ് സക്കീറിന്റെ നീക്കം. കീഴടങ്ങിയാല്‍ വൈകുന്നേരം നാലു മണിക്കകം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കണം. കോടതി ജാമ്യേപക്ഷ പരിഗണിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം. എന്നാല്‍ കേസ് പരിഗണിക്കേണ്ട കാക്കനാട് കുന്നുംപുറം മജിസ്‌ട്രേറ്റ് ഇന്ന് അവധിയിലായിരുന്നു. ഈ സഹാചര്യത്തില്‍ ഹൈക്കോടതി നിര്‍ദേശിച്ച ഏഴു ദിവസ കാലാവധിക്കുളളില്‍ കീഴടങ്ങാനാണ് ഇയാളുടെ നീക്കം. സക്കീര്‍ ഹുസൈന്‍ കീഴടങ്ങുമെന്ന സൂചനയെത്തുടര്‍ന്ന് ഇന്നും മാധ്യമങ്ങള്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസില്‍ എത്തിയിരുന്നു. അതേസമയം സക്കീറിനെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്യേണ്ടതില്ലെന്നാണ് പോലീസ് തീരുമാനം.

അന്വേഷണ ഉദ്യോഗസഥന്‍ മുന്‍പാകെ ഹാജരാകാന്‍ കോടതി കാലപരിധി നിര്‍ദേശിച്ച സാഹചര്യത്തിലാണ് പോലീസിന്റെ ഈ നിലപാട്. അതിനിടെ മരട് ക്വട്ടേഷന്‍ കേസില്‍ പ്രതിയായ മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ആന്റണി ആശാന്‍പറമ്പിലിന്റെ ജാമ്യേപക്ഷ പരിഗണിക്കുന്നത് ജില്ലാ കോടതി അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി.