എല്ലാ വർഷവും ജൂൺ 21 മുതൽ സെപ്തംബര് 21 വരെയാണ്  സലാലയിൽ ഖരീഫ് കാലാവസ്ഥ അനുഭവപെടുന്നത്. ഇടമുറിയാത്ത  ചാറ്റൽ മഴയും, 22 ഡിഗ്രി  സെൽഷ്യസിൽ ഉള്ള താപനിലയുമാണ്  ഖരീഫ് കാലാവസ്ഥയുടെ  പ്രത്യേകത.

സലാല: മെകുനു കൊടുങ്കാറ്റിന്‍റെ കെടുതിയില്‍ നിന്ന് സലാല ഉത്സവ സീസണിലേക്ക്. ഈ വർഷത്തെ ഖരീഫ് കാലാവസ്ഥ ആസ്വദിക്കുവാൻ സലാലയിൽ എത്തുന്ന സഞ്ചാരികളെ സ്വീകരിക്കുവാൻ ദോഫാർ ഗവർണറേറ്റുകളിൽ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി ഒമാൻ വിനോദ സഞ്ചാര മന്ത്രാലയം അറിയിച്ചു. മുൻ വർഷങ്ങളെക്കാൾ സഞ്ചാരികളുടെ എണ്ണത്തിൽ ഇക്കുറി വർദ്ധനവ് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രാലയ അധികൃതർ വ്യക്തമാക്കി.

എല്ലാ വർഷവും ജൂൺ 21 മുതൽ സെപ്തംബര് 21 വരെയാണ് സലാലയിൽ ഖരീഫ് കാലാവസ്ഥ അനുഭവപെടുന്നത്. ഇടമുറിയാത്ത ചാറ്റൽ മഴയും, 22 ഡിഗ്രി സെൽഷ്യസിൽ ഉള്ള താപനിലയുമാണ് ഖരീഫ് കാലാവസ്ഥയുടെ പ്രത്യേകത. രാജ്യത്തിന്റെ വടക്കു കിഴക്കൻ പ്രദേശങ്ങളെ കൂടാതെ യു.എ.ഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ നിന്നുമാണ് കൂടുതൽ സഞ്ചാരികൾ ഈ മൺസൂൺ കാലാവസ്ഥ ആസ്വദിക്കുവാനായി സലാലയിൽ എത്തി ചേരുന്നത് . 

കഴിഞ്ഞ വർഷം 6,44 ,931 സന്ദർശകർ സലാലയിൽ എത്തിയിരുന്നു എന്നാണ് ഒമാൻ ദേശീയസ്ഥിതി വിവരമന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. മുൻ വർഷങ്ങളേക്കാൾ കൂടുതൽ സഞ്ചാരികളെ സലാലയിലേക്ക് ആകർഷിക്കുവാൻ‌ താങ്ങാവുന്ന നിലവാരത്തിലുള്ള ടൂറിസം പാക്കേജുകളും മന്ത്രാലയത്തിന്റെ നിരീക്ഷണത്തിൽ നടപ്പിലാക്കിയിട്ടുണ്ടെന്ന് ഒമാൻ വിനോദ സഞ്ചാര മന്ത്രാലയ ഡയറക്‌റ്റർ ജനറൽ മർഹൂൺ സയീദ് അൽ അമീരി പറഞ്ഞു .

സലാലയിൽ എത്തുന്ന സഞ്ചാരികൾക്കു വേണ്ടുന്ന വിവരങ്ങൾ നൽകുവാൻ പ്രധാനപെട്ട എല്ലാ കേന്ദ്രങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഇൻഫോർമേഷൻ സെന്ററുകളും തയ്യാറാണ്. സഞ്ചാരികളുടെ സുരക്ഷാ ലക്ഷ്യമാക്കി റോയൽ ഒമാൻ പോലീസ് വിപുലമായ സൗകര്യങ്ങൾ ഇതിനകം പൂർത്തിയാക്കി കഴിഞ്ഞു .ദോഫാർ നഗര സഭയും , വിനോദ സഞ്ചാര മന്ത്രാലയവും സംയുക്തമായി എല്ലാ വർഷവും സംഘടിപ്പിക്കുന്ന സലാല ടൂറിസം മേളയുടെ ഒരുക്കങ്ങളും പുരോഗമിച്ചു വരുന്നു.