തിരുവനന്തപുരം: കറന്‍സി ക്ഷാമം മൂലം രണ്ടാം ദിവസവും ശമ്പളവും പെന്‍ഷനും പ്രതിസന്ധിയില്‍. 139 കോടി വേണ്ടിടത്ത് വൈകീട്ട് വരെ ട്രഷറികളിലെത്തിയത് 87 കോടി രൂപ. 18 ട്രഷറികളില്‍ ഒരു രൂപ പോലും എത്തിയില്ല.

നോട്ട് പ്രതിസന്ധിയില്‍ രണ്ടാം ശമ്പളപെന്‍ഷന്‍ ദിനവും ജനം വലഞ്ഞു. ട്രഷറികളിലെല്ലാം അതിരാവിലെ മുതല്‍ ക്യു തുടങ്ങിയെങ്കിലും ആവശ്യത്തിനുള്ള പണം മാത്രം കിട്ടിയില്ല. 139 കോടി ചോദിച്ചപ്പോള്‍ ട്രഷറികള്‍ക്ക് വൈകീട്ട് വരെ കിട്ടിയത് 87 കോടി. തിരുവനന്തപുരം ജില്ലക്ക് 19 കോടി വേണ്ടിടത്ത് 16 കിട്ടി എന്നാല്‍ കൊല്ലത്ത് ചോദിച്ചത് 13, ലഭിച്ചത് അഞ്ചു കോടി മാത്രമാണ്. എറണാകുളത്ത് 12 കോടി ആവശ്യപ്പെട്ടപ്പോള്‍ 11 കിട്ടി. കോഴിക്കോട് 12 കോടി ആവശ്യപ്പെട്ടു ഏഴുകോടി കിട്ടി. മലപ്പുറത്ത് വേണ്ടത് ഒമ്പത് കോടിയായിരുന്നു, എന്നാല്‍ കിട്ടിയത് വെറും രണ്ടു കോടി മാത്രമാണ്. ഉച്ചവരെ 50 ട്രഷറികളില്‍ പണമെത്തിയില്ല, വൈകീട്ടായിട്ടും 18 ട്രഷറികളില്‍ ഒരു രൂപപോലും വന്നില്ല.

നഗരങ്ങളിലെ ട്രഷറികളില്‍ രണ്ടാം ദിനം പ്രതിസന്ധി കുറഞ്ഞപ്പോള്‍ ഗ്രാമങ്ങളില്‍ സ്ഥിതി രൂക്ഷമാണ്. ബാങ്കുകള്‍ക്ക് ആര്‍ ബി ഐ ഇന്നത്തേക്ക് മാത്രം 580 കോടി നല്‍കി. ബാങ്ക് വഴിയും ശമ്പള വിതരണം ഉള്ളതിനാല്‍ മുഴുവന്‍ തുകയും ട്രഷറികള്‍ക്ക് കൈമാറാന്‍ ബാങ്കുകള്‍ക്ക് സാധിക്കില്ല. ഉള്ളത് കൊടുത്തശേഷം ബാക്കിയുള്ളവര്‍ക്കെല്ലാം പണത്തിന് പകരം നല്‍കിയത് നാളത്തേക്കുള്ള ടോക്കണാണ്.