തൃശൂര്‍: പ്രതീക്ഷകളോടെ കാത്തിരുന്ന നഴ്‌സുമാരില്‍ വീണ്ടും ആശങ്കയുടെ കരിനിഴല്‍. നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കാനുള്ള മിനിമം വേജസ് അഡൈ്വസറി ബോര്‍ഡ് യോഗം തീരുമാനങ്ങളൊന്നുമാകാതെ പിരിഞ്ഞു.  28 ന് ബോര്‍ഡ് വീണ്ടും യോഗം ചേരും. 
നേഴ്‌സുമാരുടെ ശമ്പള വര്‍ദ്ധനവിനെതിരെ ട്രേഡ് യൂണിയനുകളുടെ എതിര്‍പ്പുകളൊന്നുമില്ലെന്നും എന്നാല്‍, ആശുപത്രി ഉടമകളുടെ പരാതികള്‍ ഏറെയുണ്ടെന്നാണ് ബോര്‍ഡ് അംഗങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിച്ചത്. 21 ന് ഹൈക്കോടതിയില്‍ നടക്കുന്ന കേസിന്റെ പശ്ചാത്തലത്തില്‍ കോടതി നിലപാടുകൂടി അറിയാതെ ബോര്‍ഡിന് തിടുക്കത്തില്‍ തീരുമാനമെടുക്കാനും കഴിയില്ല. എല്ലാ വശങ്ങളും പരിശോധിച്ച് കുറ്റമറ്റ രീതിയില്‍ ശമ്പള പരിഷ്‌കരണത്തിനുള്ള റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറുമെന്ന് എഐടിയുസി ജനറല്‍ സെക്രട്ടറിയും ബോര്‍ഡ് അംഗവുമായ കെ.പി രാജേന്ദ്രന്‍ പറഞ്ഞു.

സര്‍ക്കാര്‍ പരിഗണനയ്ക്കായി ബോര്‍ഡിന്റെ റിപ്പോര്‍ട്ട് 21 -ന് സമര്‍പ്പിക്കുമെന്നായിരുന്നു സൂചന. മാര്‍ച്ച് 31 -നകം ശമ്പള പരിഷ്‌കരണ പ്രഖ്യാപനം ഉണ്ടാവുമെന്നായിരുന്നു മുഖ്യമന്ത്രിയും തൊഴില്‍ ആരോഗ്യ മന്ത്രിമാരും തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരും പ്രഖ്യാപിച്ചത്. വേതനം സംബന്ധിച്ച ധാരണയിലെത്തേണ്ട മിനിമം വേജസ് അഡൈ്വസറി ബോര്‍ഡ് യോഗം തീരുമാനമെടുക്കാതെ 28 -ലേക്ക് മാറ്റിയതോടെ മാര്‍ച്ച് 31 -ന് മുമ്പ് പ്രഖ്യാപനം നടക്കുമോ എന്ന കാര്യത്തിലും സംശയമായി. ആയിരക്കണക്കിന് പരാതികള്‍ കേള്‍ക്കാനുണ്ടെന്നും അതിനായി 31 -നകം ശമ്പള പരിഷ്‌കരണ പ്രഖ്യാപനം നടത്തുന്നത് തടയുകയും ചെയ്ത ഹൈക്കോടതി ഇടപെടലും വിനയായി. 21 -ന് കോടതിയില്‍ ഇതുസംബന്ധിച്ച് വ്യക്തമായ ഒരു ധാരണ ഉണ്ടാകുമോ എന്ന കാര്യത്തിലും ഉറപ്പില്ല.

നഴ്‌സുമാരുടെ അലവന്‍സ് 10 മുതല്‍ 15 ശതമാനം വരെ കുറച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടാവും ബോര്‍ഡ് സര്‍ക്കാരിന് നല്‍കുകയെന്ന സൂചന നഴ്‌സുമാരെ അസ്വസ്തരാക്കിയിരുന്നു. 200 ഡിഎ പോയിന്റ് ലയിപ്പിക്കുക എന്ന അടിസ്ഥാന രീതി മാറ്റി 300 ആക്കിയേക്കുമെന്നും സൂചനയുണ്ടായി. അലവന്‍സ് കുറയ്ക്കുന്നത് ആകെ തുകയെ സാരമായി ബാധിക്കുമെന്നത് നഴ്‌സുമാരുടെ പ്രതീക്ഷകളെ കെടുത്തുന്നതാണ്. സുപ്രീംകോടതി നിര്‍ദ്ദേശത്തിന് വിരുദ്ധവും ശമ്പള പ്രശ്‌നം വീണ്ടും വ്യവഹാരങ്ങളിലെത്തിപ്പെടാനും വിധത്തിലുമാണിത്.

അലവന്‍സ് വെട്ടിക്കുറയ്ക്കുന്ന സ്ഥിതിയുണ്ടായാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ വാഗ്ദാനത്തിന്റെയും സുപ്രീം കോടതി നിര്‍ദ്ദേശത്തിന്റെയും ലംഘനമാവും. സുപ്രീം കോടതി നിര്‍ദ്ദേശം നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായിരിക്കും കേരളമെന്നാണ് മുഖ്യമന്ത്രി ഒടുവില്‍ പോലും പ്രഖ്യാപിച്ചത്. തുല്യ ജോലിക്ക് തുല്യകൂലി എന്ന സുപ്രീം കോടതി നിര്‍ദ്ദേശം ലംഘിക്കപ്പെടുന്ന സാഹചര്യമുണ്ടായാല്‍ മുഖ്യമന്ത്രിയുടെ വാക്കും പാഴാവും.

ഏറ്റവും കൂടുതല്‍ ബെഡ്ഡുകളുള്ള ആശുപത്രിയിലെ ഉയര്‍ന്ന ഗ്രേഡിലുള്ള നഴ്‌സിന് ലഭിക്കുന്ന 33,500 രൂപ എന്ന ശമ്പളത്തില്‍ നിന്ന് അലവന്‍സ് വെട്ടിക്കുറയ്ക്കുന്നതോടെ അത് 26,400 രൂപയായി കുറയും. ഏറ്റവും കുറവ് ബെഡ്ഡുകളുള്ള ആശുപത്രിയിലെ ഉയര്‍ന്ന സ്റ്റാഫ് നഴ്‌സിന്റെ ശരാശരി ശമ്പളം കുറവുകള്‍ കിഴിച്ചാല്‍ 20,900 രൂപയിലുമൊതുങ്ങും. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 20,000 രൂപയിലെത്തിച്ചുവെന്ന ക്രഡിറ്റില്‍ സര്‍ക്കാരിന് ആശ്വാസമാകുമെങ്കിലും നഴ്‌സുമാരില്‍ ആശങ്കകള്‍ ഒഴിയാബാധയായി നിലകൊള്ളും.

മിനിമം വേജസ് അഡൈ്വസറി ബോര്‍ഡില്‍ നഴ്‌സുമാരുടെ പ്രതിനിധികളാരും തന്നെയില്ലെന്നത് വേറിട്ട ശബ്ദമുണ്ടാകില്ല. ചെയര്‍മാനായ പി.കെ ഗുരുദാസന്‍, ആനത്തലവട്ടം ആനന്ദന്‍, കെ.പി രാജേന്ദ്രന്‍, കെ.പി സഹദേവന്‍, ജെ ഉദയഭാനു, സി.എസ് സുജാത, വി നന്ദകുമാര്‍, എം.കെ കണ്ണന്‍ തുടങ്ങി 13-ഓളം പ്രമുഖ ട്രേഡ് യൂണിയന്‍ നേതാക്കളും ലേബര്‍ കമ്മിഷണര്‍ എ. അലക്‌സാണ്ടര്‍, സെക്രട്ടറി ടി.വി രാജേന്ദ്രനും ആസ്ഥാന ലേബര്‍ ഓഫീസര്‍ കെ.വിനോദ് കുമാറും ഉള്‍പ്പെടുന്നതാണ് ബോര്‍ഡ്.