തൃശൂര്‍: സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുള്‍പ്പടെ മുഴുവന്‍ ജീവനക്കാരുടെയും പുതുക്കിയ അടിസ്ഥാന ശമ്പള വിജ്ഞാപന നടപടിക്ക് സര്‍ക്കാര്‍ വേഗത കൂട്ടി. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ നാളെ മുതല്‍ സംസ്ഥാനത്ത് നടത്താന്‍ നിശ്ചയിച്ച അനിശ്ചിതകാല പണിമുടക്കിന്റെ പശ്ചാത്തലത്തിലാണിത്. വിജ്ഞാപനത്തിന് പത്ത് ദിവസത്തെ സമയം കൂടി തൊഴില്‍ വകുപ്പ് ആവശ്യപ്പെട്ടെങ്കിലും മുന്‍കാല അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടി യു.എന്‍.എ അത് നിരസിക്കുകയായിരുന്നു. ഇതോടെ  കഴിയാവുന്നതും വേഗത്തില്‍ വിജ്ഞാപനം ഇറക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകുന്നത്.

സംസ്ഥാനത്ത് വെന്റിലേറ്ററുകളിലുള്‍പ്പടെ 75,000 ത്തോളം കിടപ്പുരോഗികള്‍ വിവിധ ആശുപത്രികളിലായുണ്ട്. ഇവരുടെ ജീവന്‍ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനാണെന്നിരിക്കെ, സമരം ഒഴിവാക്കാന്‍ പല കോണുകളില്‍ നിന്നുള്ള സമ്മര്‍ദ്ദമാണുള്ളത്. സമരം ചെയ്താല്‍ നടപടിയുണ്ടാവുമെന്നും ശമ്പളം റദ്ദാക്കുമെന്നും സൂചിപ്പിച്ച് സ്വകാര്യ ആശുപത്രികള്‍ ഇന്നലെയും ഇന്നുമായി മുന്നറിയിപ്പ് നോട്ടീസുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിനെ തള്ളിക്കൊണ്ട് നഴ്‌സുമാര്‍ പരസ്യമായി രംഗത്തുവന്നതോടെ മാനേജ്‌മെന്റുകളും അങ്കലാപ്പിലായി.

അതിനിടെ, വിഖ്യാതമായ പൂരം നടക്കുന്ന തൃശൂരില്‍ സമരം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മിഷണര്‍ യു.എന്‍.എയ്ക്ക് കത്ത് നല്‍കി. സംസ്ഥാനത്ത് നഴ്‌സുമാരുടെ പണിമുടക്ക് ഏറ്റവും ശക്തമാകാന്‍ പോകുന്നതും തൃശൂരാണ്. തൃശൂര്‍ നഗരത്തില്‍ സര്‍ക്കാര്‍ ആശുപത്രി ഒന്നുമാത്രമേ ഉള്ളൂവെന്നതാണ് ഇവിടെ കാര്യങ്ങള്‍ കുഴയ്ക്കുന്നത്. ഇതിന് യു.എന്‍.എ മറുപടി നല്‍കിയിട്ടില്ലെന്നത് പോലീസിനെയും ആശങ്കയിലാക്കിയിട്ടുണ്ട്. എന്നാല്‍, സമരം പൂരത്തെ ബാധിക്കില്ലെന്നാണ് നേരത്തെ ജില്ലാ കളക്ടര്‍ ഡോ.എ കൗശികന്‍ മാധ്യമങ്ങള്‍ക്ക് മറുപടി നല്‍കിയത്.

പണിമുടക്കുന്ന നഴ്‌സുമാര്‍ നാളെ ചേര്‍ത്തലയിലെ കെ.വി.എം ആശുപത്രിക്ക് മുന്നില്‍ നിന്ന് 168 കിലോമീറ്ററോളം നടന്ന് സെക്രട്ടേറിയറ്റിലേക്ക് എത്താനാണ് തീരുമാനം. ഏകദേശം എട്ട് ദിവസത്തോളം ദേശീയപാതയിലൂടെയുള്ള നഴ്‌സുമാരുടെ ലോങ് മാര്‍ച്ച് ഗതാഗതത്തെയും ബാധിക്കും. ഒരുനിലയ്ക്കും പിന്മാറില്ലെന്ന നിലപാടിലുറച്ച് നഴ്‌സുമാര്‍ നിന്നതോടെയാണ് സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലെ മിനിമം വേജ് വിജ്ഞാപനം ഇറക്കാനുള്ള തിരക്കിട്ട ശ്രമങ്ങള്‍ നടത്തുന്നത്.

അതേസമയം, വിജ്ഞാപനത്തില്‍ നഴ്‌സുമാര്‍ ആവശ്യപ്പെട്ട ശമ്പളത്തില്‍ ഗണ്യമായ കുറവ് വരികയാണെങ്കില്‍ സമരം പിന്‍വലിക്കില്ലെന്നാണ് യു.എന്‍.എ നേതാക്കള്‍ നല്‍കുന്ന സൂചന. ആശുപത്രികളിലെ നഴ്‌സിങ് ഇതര ജീവനക്കാരുടെ പ്രതീക്ഷ കൂടി തകര്‍ന്നാല്‍ ഇവരും സമര രംഗത്തേക്കിറങ്ങുമെന്നാണ് മറ്റു ട്രേഡ് യൂണിയന്‍ നേതാക്കളും പറയുന്നത്. ആശുപത്രികളുടെ ക്ലാസിഫിക്കേഷന്‍ തിരിക്കുന്നതിലെ ആശങ്കകള്‍ വ്യാപകമാണ്. സര്‍ക്കാര്‍ വഞ്ചിച്ചാല്‍ യു.എന്‍.എയുമായി യോജിച്ച സമരത്തിന് തയ്യാറാണെന്ന് എഐടിയുസി ഉള്‍പ്പടെയുള്ള യൂണിയനുകളും അറിയിച്ചിട്ടുണ്ട്.