തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്‍റെ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ കറുത്ത വസ്ത്രവും തൊപ്പിയും ധരിച്ച് നടന്‍ സലീം കുമാര്‍. 'വര്‍ക്കല കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടന്നത് കള്ള പ്രചാരണമോ?' എന്ന വിഷയത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് കറുപ്പ് വസ്ത്രം ധരിച്ച് സലീം കുമാര്‍ എത്തിയത്. താന്‍ കൂടി പങ്കെടുത്ത വര്‍ക്കല ഹാജി  സി എച്ച് എം എം കോളേജിലെ  വാര്‍ഷികാഘോഷത്തെ തീവ്രവാദ പ്രവര്‍ത്തനമെന്ന് വളച്ചൊടിച്ച വ്യാജ വാര്‍ത്തയോടുള്ള പ്രതിഷേധമായാണ് കറുപ്പ് വേഷം ധരിച്ചതെന്ന് സലിം കുമാര്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി.

'ഞാന്‍ എന്‍റെ വീട്ടിലാണ് ഇരിക്കുന്നത്. വീട്ടില്‍ ധരിക്കുന്ന വസ്ത്രമല്ല ഇത്. എന്നാല്‍ വ്യാജ വാര്‍ത്തയോടുള്ള പ്രതിഷേധമായാണ് ഈ വസ്ത്രധാരണം' എന്നും സലിം കുമാര്‍ ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയില്‍ പറഞ്ഞു. 'നാളെ എന്നെയും ഭീകരവാദിയാക്കുമെന്നാണ് സംശയം. ഞാന്‍ രണ്ടും കല്‍പ്പിച്ചാണ്. ഈ സമൂഹത്തോട് സത്യം വിളിച്ച് പറയണം. ആ സംഭവത്തിന്‍റെ സത്യമറിയാവുന്ന പുറത്തുനിന്നുള്ള ഒരേ ഒരാള്‍ ഞാന്‍ ആണ്. എന്‍റെ ശബ്ദം കുറച്ച് പേര്‍ മാത്രമായിരിക്കും കേള്‍ക്കുക. എന്നാലും ആ കുട്ടികള്‍ക്കൊപ്പമായിരിക്കും. നാളെ സിനിമ നഷ്ടപ്പെട്ടാലും, ഇതിന്‍റെ പേരില്‍ കുരിശ് ചുമക്കേണ്ടി വന്നാലും എന്ത് തന്നെ സംഭവിച്ചാലും മനുഷ്യനെന്ന നിലയില്‍ ആ കുട്ടികള്‍ക്കൊപ്പം നില്‍ക്കുക തന്നെ ചെയ്യും' - സലീം കുമാര്‍ പറഞ്ഞു.

ഈ കുട്ടികള്‍ നാളെ സമൂഹത്തെ നയിക്കേണ്ടവരാണെന്നും വ്യാജ വാര്‍ത്ത ചമച്ചവര്‍ കുട്ടികളോട് മാപ്പ് ചോദിക്കണമെന്നും സലീം കുമാര്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. വർക്കല സി എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ കോളേജിൽ ഭീകര സംഘടനകളുടെ പതാക ഉയർത്തി വിദ്യാർത്ഥികള്‍ പ്രകടനം നടത്തിയെന്നായിരുന്നു ജനം ടിവി നല്‍കിയ വാര്‍ത്ത.

വാര്‍ത്തയ്ക്കെതിരെ കോളേജ് മാനേജ്മെന്‍റും നടന്‍ സലിംകുമാറും നേരത്തേ തന്നെ രംഗത്തെത്തിയിരുന്നു. താന്‍ കൂടി പങ്കെടുത്ത പരിപാടിയെ ജനം ടി വി തീവ്രവാദ പ്രവര്‍ത്തനമായി ചിത്രീകരിച്ചതാണെന്ന് സലീം കുമാര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞിരുന്നു. വിദ്യാര്‍ത്ഥികള്‍ ആഘോഷമായി നടത്തിയ പരിപാടി മാത്രമാണിതെന്നും സലിംകുമാറും വ്യക്തമാക്കി.

വർക്കല ചവർക്കാട് സി എച്ച് എം എം കോളേജിലെ വിദ്യാർത്ഥികള്‍ അൽ ഖ്വായ്ദ ഭീകര വാദികളെ പോലെ വേഷം ധരിച്ചു കോളേജിൽ എത്തിയെന്നായിരുന്നു ജനം ടി വി, ആഘോഷത്തിന്‍റെ വീഡിയോ സഹിതം നല്‍കിയ വാര്‍ത്ത. അൽ ഖ്വായ്ദയുടെ പതാക ഉയർത്തുന്നുണ്ടെന്നും കേരളം ഇസ്ലാം ഭീകരവാദത്തിന് വളക്കൂറുള്ള മണ്ണായി മാറുകയാണെന്നുമായിരുന്നു വാര്‍ത്തയുടെ ഉള്ളടക്കം. തലസ്ഥാനത്ത് അടക്കം കേരളത്തിലേക്കും ഐ എസ് - അൽ ഖ്വായ്ദ ഭീഷണിയുണ്ടെന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു.

Read More: 'അത് ഐ എസ് അല്ല, നമ്മുടെ പിള്ളേരാ'; വ്യാജ പ്രചാരണത്തിനെതിരെ സലീം കുമാര്‍

എന്നാല്‍ വാര്‍ത്ത തെറ്റാണെന്നും കോളേജിലെ പരിപാടിക്ക് വിദ്യാര്‍ത്ഥികള്‍ നടത്തിയ ആഘോഷത്തിന്‍റെ തീം ആയാണ് അവര്‍ ആ വസ്ത്രം ധരിച്ചതെന്നും സലീം കുമാര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. നേരത്തേ നിശ്ചയിച്ച രീതിയില്‍ കറുപ്പും വെളുപ്പും വസ്ത്രം ധരിച്ചാണ് വിദ്യാര്‍ത്ഥികളെത്തിയത്. തന്‍റെ ഒരു സിനിമയിലെ വേഷം അവര്‍ തീമായി ഉപയോഗിക്കുകയായിരുന്നു. തന്നോടും അവര്‍ അത് ആവശ്യപ്പെട്ടിരുന്നു. പാട്ടും നൃത്തവുമായി ആഘോഷിച്ചതല്ലാതേ ഒരു മുദ്രാവാക്യവും വിദ്യാര്‍ത്ഥികള്‍ മുഴക്കിയിട്ടില്ലെന്നും സലീം കുമാര്‍ വ്യക്തമാക്കി.

''കോളേജിനെ കരിവാരിതേക്കാനുള്ള ശ്രമമാണ് ഇത്. ആ കുട്ടികള്‍ വളര്‍ന്നുവരുന്നവരാണ്. അവരെ തീവ്രവാദികളെന്ന് മുദ്രകുത്തുന്ന മാധ്യമപ്രവര്‍ത്തനം അംഗീകരിക്കാനാകില്ല'' എന്നും സലീം കുമാര്‍ പറ‌ഞ്ഞു. പരിപാടിയില്‍ സലീം കുമാറും കറുപ്പ് വേഷം ധരിച്ചാണ് എത്തിയത്. കോളേജ് വാര്‍ഷികത്തിന്‍റെ ഭാഗമായായിരുന്നു ആഘോഷം. വിദ്യാര്‍ത്ഥികളുടെ അഭ്യര്‍ത്ഥന പ്രകാരമാണ് താനും കറുപ്പ് വസ്ത്രം ധരിച്ചെത്തിയതെന്നും സലിം കുമാര്‍ വ്യക്തമാക്കി.

കുട്ടികളുടെ പരിപാടിയെ വളച്ചൊടിക്കുകയായിരുന്നുവെന്നാണ് മാനേജ്മെന്‍റിന്‍റെ വിശദീകരണം. കോളേജില്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ല. കോളേജിലെ ആഘോഷ പരിപാടിയുമായി ബന്ധപ്പെട്ട വീഡിയോ ക്ലിപ്പാണ് തീവ്രവാദ പ്രവര്‍ത്തനമെന്ന പേരിട്ട് പ്രചരിപ്പിക്കുന്നതെന്നും മാനേജ്മെന്‍റ് പറഞ്ഞു.