ലഖ്നൗ: അഖിലേഷ് യാദവും മുലായം സിംഗ് യാദവും രണ്ടുപാർട്ടികളായി തന്നെ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നെന്ന് സൂചന. 214 എംഎൽഎമാരുടെ സത്യവാങ്മൂലം കിട്ടിയെന്ന് അഖിലേഷ് ക്യാമ്പ് അവകാശപ്പെട്ടു..ശിവ്പാൽ യാദവ് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടേക്കും.

ലക്നൗവിൽ തന്‍റെ കൂടെയുള്ള പാർട്ടി എംഎൽഎമാരുടേയും എംപിമാരുടേയും യോഗം വിളിച്ച് ചേർത്ത അഖിലേഷ് യാദവ് പാർട്ടി ചിഹ്നമായ സൈക്കിളിന് കീഴിൽ തെരഞ്ഞെടുപ്പിന് തയ്യാറാകാൻ സ്ഥാനാർത്ഥികളോടും, നേതാക്കളോടും ആഹ്വാനം ചെയ്തതായാണ് റിപ്പോർട്ട്. 214 എംഎൽഎമാർ അഖിലേഷിനൊപ്പമുണ്ടെന്ന് സത്യവാങ്മൂലം എഴുതി നൽകിയെന്നും അഖിലേഷ് വിഭാഗം പറയുന്നു.

പാർട്ടിയിലെ ഭൂരിപക്ഷം അംഗങ്ങളും ഒപ്പമുള്ള തങ്ങളാണ് യഥാർത്ഥ സമാജ്‍വാദി പാർട്ടിയെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ സൈക്കിൾ ചിഹ്നം അനുവദിച്ചു തരുമെന്നാണ് പ്രതീക്ഷയെന്നും അഖിലേഷ് എംഎൽഎമാരോട് പറഞ്ഞു.എത്ര അണികൾ കൂടെയുണ്ടെന്ന് തെളിയിക്കാൻ ഈ മാസം ഒമ്പതിനകം ഇരുവിഭാഗവും സത്യവാങ്മൂലം സമർപ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസയച്ച പശ്ചാത്തലത്തിലാണ് അഖിലേഷ് യോഗം വിളിച്ചത്. പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് ഇരു നേതാക്കളേയും വീണ്ടും കണ്ട അസംഖാൻ പറഞ്ഞു.

മുലായം ക്യാമ്പിലും തിരക്കിട്ട നീക്കങ്ങൾ നടക്കുകയാണ്. ലക്നൗവിൽ നിന്ന് മുലായം സിംഗ് യാദവും ശിവ്പാൽ യാദവും ദില്ലിയിൽ അമർസിംഗുമായി കൂടിക്കാഴ്ച്ച നടത്തി. ചിഹ്നം മുലായത്തിന് വിട്ട് നൽകണമെന്നും അഖിലേഷിന്‍റെ നടപടികൾ ചട്ടവിരുദ്ധമെന്നും ബോധിപ്പിക്കാൻ ശിവ്പാൽ യാദവ് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും.